മുംബൈ: ജെഎൻയു സന്ദർശിച്ച നടി ദീപിക പദുകോണിനെതിരേ ബിജെപി പ്രചാരണം നടത്തുന്നതിനിടെ ജനപ്രീതിയുയർത്തി താരം. ട്വിറ്ററിൽ താരത്തെ ബ്ലോക്ക് ചെയ്യാനും ദീപികയുടെ പുതിയ ചിത്രമായ ഛപാക് ബഹിഷ്കരിക്കണമെന്നുമാണ് പ്രചാരണം. #BoycottChhapaak #BlockDeepika എന്നീ ഹാഷ്ടാഗുകളിലായിരുന്നു പ്രചാരണം.
എന്നാൽ പ്രചാരണം ആരംഭിച്ച് ഒരു ദിവസം കൊണ്ട് ദീപിക പദുക്കോണിന്റെ ട്വീറ്ററിൽ നാൽപ്പതിനായിരം പുതിയ ആളുകളാണ് ഫോളോ ചെയ്യാൻ ആരംഭിച്ചത്. സോഷ്യൽ മീഡിയ അനലിറ്റിക്സ് നടത്തുന്ന സോഷ്യൽ ബ്ലേഡ് എന്ന സൈറ്റാണ് കണക്ക് പുറത്ത് വിട്ടത്. സാധാരണ ഒരു ദിവസം നാലായിരം പുതിയ ആളുകളാണ് ദീപികയെ ഫോളോ ചെയ്യുന്നത്.
എന്നാൽ ഇന്നലെ ഒരു ദിവസം മാത്രം നാൽപ്പതിനായിരം പേരാണ് പുതിയതായി ഫോളോ ചെയ്യാൻ ആരംഭിച്ചത്.
അതേസമയം ദീപികയെ രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാൻ രംഗത്ത് എത്തി.
പുതിയ സിനിമയുടെ പ്രചാരണമാണ് ദീപികയുടെ ലക്ഷ്യമെന്നും ജെഎൻയുവിൽ പോയതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ചൗഹാൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. ബോളിവുഡിലെ ഭൂരിപക്ഷവും പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണെന്നും പ്രതിഷേധിക്കുന്ന സിനിമാക്കാർ മോദി വിരോധികളാണെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.
അവിടെ പോവാനുള്ള കാരണമെന്തെന്ന് ദീപിക പോലും പറയുന്നില്ല. അവിടെനിന്ന് ഒന്നും പ്രസംഗിച്ചുമില്ല. പ്രശസ്തി മാത്രമാണ് ദീപികയ്ക്ക് വേണ്ടിയിരുന്നതെന്നും അതിന് പറ്റിയ അവസരമായി ജെഎൻയുവിനെ അവർ കണ്ടുവെന്നും ചൗഹാൻ ആരോപിക്കുന്നു. മികച്ച ഒരു വിഷയമാണ് ദീപികയുടെ അടുത്ത സിനിമ. അതിന്റെ ഭാവി ഓർത്ത് തനിക്ക് ദുഃഖമുണ്ടെന്നും ഗജേന്ദ്ര ചൗഹാൻ പറഞ്ഞു. സിനിമാ പ്രമോഷൻ തന്നെയായിരുന്നു ദീപികയുടെ ലക്ഷ്യം.
എന്നാൽ, പോയ സ്ഥലം പക്ഷേ തെറ്റിപ്പോയി. സോഷ്യൽ മീഡിയയിലടക്കം അതിന്റെ പ്രത്യാഘാതം ദീപിക അനുഭവിച്ചേ തീരുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെഎൻയുവിലെ വിദ്യാർത്ഥി നേതാവ് ഐഷി ഘോഷിന് മുന്നിൽ കൈകൂപ്പി നിൽക്കുന്ന ദീപികയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.