ബാഗ്ദാദ്: ഇറാൻ റെവലൂഷനറി ഗാർഡ്സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്സ് ഫോഴ്സ് തലവൻ ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ അമേരിക്കയെ സഹായിച്ചത് വിമാനത്താവളത്തിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് റിപ്പോർട്ട്. ദമാസ്കസിൽ നിന്നും ബാഗ്ദാദ് വിമാനത്താവളത്തിൽ നിന്നുമാണ് സുലൈമാനിയുടെ യാത്രാ വിവരം അമേരിക്കയ്ക്ക് ലഭിച്ചത്.
സാധാരണ സ്വകാര്യ വിമാനത്തിലാണ് ഖാസിം സുലൈമാനി സഞ്ചരിക്കാറുള്ളത്. എന്നാൽ സുരക്ഷ കാരണങ്ങളാൽ എയർബസ് എ320 യാത്രാ വിമാനത്തിലാണ് സിറിയയിൽ നിന്ന് സുലൈമാനിയും സംഘവുംബാഗ്ദാദിലെത്തിയത്. എന്നാൽ വിമാനത്തിന്റെ യാത്രക്കാരുടെ പട്ടികയിൽ സുലൈമാനിയുടെയോ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ പേര് ഉണ്ടായിരുന്നില്ല.
എന്നാൽ സുലൈമാനിയുടെ യാത്രവിവരം വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥർ അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു. സുലൈമാനിയുടെ വാഹനമടക്കമുള്ള വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിച്ചു. സുലൈമാനി സഞ്ചരിച്ച വാഹനത്തിനു നേർക്കാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീടാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്നത്. ആക്രമണത്തിൽ ഇറാന്റെ പിന്തുണയുള്ള ഹാഷേദ് അൽ-ഷാദി ഡെപ്യൂട്ടി കമാൻഡർ അബു മഹ്ദി അൽ-മുഹാന്ദിയടക്കം ഒന്പതു പേരാണ് കൊല്ലപ്പെട്ടത്.
ആയത്തൊള്ള ഖമനയ് കഴിഞ്ഞാൽ ഇറാനിലെ ഏറ്റവും വലിയ അധികാരകേന്ദ്രമായിരുന്നു ജനറൽ ഖാസിം സുലൈമാനി. ഇറാനിലെങ്ങും ഇദ്ദേഹത്തിനു വീരപരിവേഷമായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് സുലൈമാനിയെ വധിത്. ബാഗ്ദാദിലെ യുഎസ് എംബസി ഇറേനിയൻ അനുകൂലികൾ ആക്രമിച്ചതായിരുന്നു അമേരിക്കയുടെ പ്രകോപനത്തിനു കാരണം.
അമേരിക്കൻ നയതന്ത്രജ്ഞരെയും അമേരിക്കൻ പൗരന്മാരെയും ആക്രമിക്കാൻ സുലൈമാനി പദ്ധതി തയാറാക്കിയിരുന്നുവെന്ന് പെന്റഗൺ പറഞ്ഞു. വിവരം ചോർത്തിയ ഉദ്യോഗസ്ഥരെ ഇറാക്ക് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല.