ലണ്ടൻ: രാജകുടുംബാംഗമെന്ന നിലയിൽ വഹിക്കുന്ന ഒൗദ്യോഗിക പദവികൾ ഉപേക്ഷിക്കുകയാണെന്നു ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യ മെ ഗൻ മെർക്കലും. രാജകുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നതിനിടെ കഴിഞ്ഞദിവസം വാർത്താക്കുറിപ്പിലൂടെ ഹാരി രാജകുമാരൻ നടത്തിയ പ്രഖ്യാപനം ബ്രിട്ടനെയും രാജകുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ്.
മകൻ ആർച്ചിയോടൊപ്പം യുഎസിലും ബ്രിട്ടനിലുമായി സ്വകാര്യജീവിതം നയിക്കുകയാണു ലക്ഷ്യമെന്നും രാജകീയ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവായി കൂടുതൽ സാന്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുകയാണ് ലക്ഷ്യമെന്നും ദന്പതികൾ പറയുന്നു.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ചെറുമകനും ചാൾസ് രാജകുമാരന്റയും അന്തരിച്ച ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനുമാണ് ഹാരി. ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസെക്സ് എന്ന ഒൗദ്യോഗിക പദവിയാണു ഹാരി-മെഗൻ ദന്പതികൾക്കുള്ളത്. ബ്രട്ടീഷ് റോയൽ എയർഫോഴ്സിലും ജോലിചെയ്യുന്ന ഹാരി നിരവധി സന്നദ്ധസംഘടനകളുടെ രക്ഷാധികാരിയായും പ്രവർത്തിക്കുന്നുണ്ട്.
രണ്ടുവർഷം മുന്പാണ് ഹോളിവുഡ് നടിയും മോഡലുമായ മെഗൻ മെർക്കലിനെ ഹാരി വിവാഹം ചെയ്തത്. ഇതിനുശേഷം സഹോദരൻ വില്യമുവായുള്ള ഹാരിയുടെ ബന്ധം മോശമായതായി പ്രചാരണങ്ങളുണ്ടായിരുന്നു. രാജകീയപദവി ഉപേക്ഷിക്കാൻ ഇതും കാരണമായതായി പറയപ്പെടുന്നു. എലിസബത്ത് രാജ്ഞിയോടോ പിതാവ് ചാൾസ് രാജകുമാരനോടോ ആലോചിക്കാതെയാണു രാജകീയ പദവികൾ ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം ഹാരി നടത്തിയത്.