കോട്ടയം: യുവാവിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നിലവിൽ ജീവനു ഭീഷണിയില്ലെന്നും എന്നാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഞരന്പുകൾക്കു മുറിവുകളും ചതവുകളും സംഭവിച്ചിട്ടുള്ളതിനാൽ, പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ വിദഗ്ധ പരിശോധന വേണ്ടി വരുമെന്നും ആശുപത്രി ആർഎംഒ ഡോ.ആർ.പി.രഞ്ചൻ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരമാണ് എറണാകുളം കാക്കനാട് ഡേ കെയറിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന 17 കാരിയെ, പത്തൊന്‍പതുകാരനായ യുവാവ് കുത്തി പരിക്കേല്പിച്ചത്. പ്രണയനൈരാശ്യമാണ് കുത്തി പരിക്കേല്പിക്കാൻ കാരണം. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സമീപം കാത്തിരിക്കുകയും ജോലി കഴിഞ്ഞ് ഇറങ്ങി വരവേ പെണ്‍കുട്ടിയെ ആക്രമിക്കുകയുമായിരിന്നു.
ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാർ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ, നിർധനരായ പെണ്‍കുട്ടിയുടെ കുടുംബത്തിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ സാന്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നുള്ള വിവരം അറിഞ്ഞ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശം നൽകുകയായിരുന്നു.