കോഴിക്കോട് : മോട്ടോർ വാഹന നിയമലംഘനങ്ങളിലെ പിഴതുക ഇരട്ടിയും അതിലധികവുമായി വർധിപ്പിച്ചതിൽ ചിലത് കുറച്ച കേരളത്തിന്റെ നീക്കത്തിനെതിരെ കേന്ദ്ര ഉപരിതല മന്ത്രാലയം അയച്ച നോട്ടീസിൽ വ്യക്തതതേടി ട്രാൻസ്പോർട്ട് കമീഷണർ സർക്കാരിന് കത്തയച്ചു.
പാർലമെന്റ് പാസാക്കിയ നിയമം മറികടക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും, അത് ഇന്ത്യൻ ഭരണഘടനയുടെ 356-ാം അനുഛേദമനുസരിച്ച് കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അണ്ടർ സെക്രട്ടറി എസ്.കെ.ഗീവ ജനുവരി ആറിന് എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസയച്ചത്.
കേന്ദ്രനിയമം ലഘൂകരിച്ച് ഒരു സംസ്ഥാനം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെക്കുറിച്ച് നോട്ടീസിൽ പരാമർശമുണ്ടെങ്കിലും കേരളത്തിന്റെ പേരെടുത്ത് പറയുന്നില്ല. 1988ലെ കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ 200-ാം ഉപവകുപ്പ് അനുസരിച്ച് പിഴതുക കോന്പൗണ്ട് ചെയ്ത്( ലഘൂകരിച്ച്) ഒരു സംസ്ഥാനം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊത്തം സംസ്ഥാനങ്ങൾക്ക് അറിയിപ്പു നൽകുന്നുവെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
കേന്ദ്രം നിശ്ചയിച്ച പിഴതുക കേരളത്തിൽ കുറച്ചത് നിയമോപദേശം തേടിയശേഷമാണെന്നും തീരുമാനത്തിൽ തത്ക്കാലം ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞദിവസം ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്ന് കടുത്ത നടപടി ഉണ്ടാകുമെന്ന സൂചന ലഭിച്ചതിനെതുടർന്നാണ് ട്രാൻസ്പോർട്ട് കമീഷണർ ഇന്നലെ ഗതാഗത സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
2019 ആഗസ്റ്റ് 21ന് പുറത്തിറക്കിയതും, സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തിൽ വന്നതുമായ ട്രാഫിക് നിയമലംഘനത്തിന് ഉയര്‍ന്ന പിഴ അടങ്ങുന്ന 63 നിബന്ധനകളോടെയുള്ള പുതിയ കേന്ദ്ര മോട്ടോര്‍ വാഹന നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്നാണ് കേന്ദ്രനിലപാട്. നിയമം നിലവിൽവന്നതിനുശേഷമാണ് ചില കുറ്റങ്ങളുടെ പിഴതുക ലഘൂകരിച്ച് സംസ്ഥാന സർക്കാർ 2019 ഒക്ടോബർ 26ന് 37/2019 നന്പറിൽ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേന്ദ്ര സർക്കാർ അയച്ച നോട്ടീസ് എല്ലാ സംസ്ഥാനങ്ങൾക്കുമായാണെങ്കിലും അതിൽ, ഒരു സംസ്ഥാനം ഗസറ്റ് വിജ്ഞാപനം നടത്തിയ കാര്യം പ്രത്യേകം പറയുന്നത് കേരളത്തെ ഉദ്ദേശിച്ചാണെന്ന് മോട്ടോർ വാഹനവകുപ്പിലെ ചിലർക്ക് അഭിപ്രായമുണ്ട്. അതിനാലാണ് നോട്ടീസിൽ കൂടുതൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമീഷണർ ഗതാഗത സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
മോട്ടോർ വാഹനനിയമത്തിലെ സെക്ഷൻ 200 അനുസരിച്ച് പിഴതുക കോന്പൗണ്ട് ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ട് എന്നായിരുന്നു വിഷയത്തിൽ നേരത്തെ ലഭിച്ച നിയമോപദേശം. എന്നാൽ കേന്ദ സർക്കരയച്ച നോട്ടീസിൽ ഇക്കാര്യം കൃത്യമായി പറയുകയും പിഴതുക കുറച്ച നടപടിയെ ചോദ്യം ചെയ്തതും കണക്കിലെടുത്താണ് മോട്ടോർ വാഹനവകുപ്പ് കൂടുതൽ നിയമോപദേശം തേടുന്നത്. കേന്ദ്രം പുതുക്കിയ നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് നോട്ടീസിൽ വ്യക്തമായി പറയുന്നതിനാൽ കേരളത്തിനു മാത്രമായി ഇനി പ്രത്യേക ഉത്തരവ് ഉണ്ടാകില്ലെന്ന അഭിപ്രായവും ചില ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്.