വളപട്ടണം: നീലേശ്വരത്തു പച്ചക്കറി വ്യാപാരിയെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ കാറിൽനിന്നു 1,45,45,000 രൂപയുടെ കുഴൽപ്പണം പിടികൂടിയ സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ എസ്.ബി. കിഷോര്‍ താനാജി (33), സാഗര്‍ പലാസോ ഖ്ലേര് (21) എന്നിവരാണ് അറസ്റ്റിലായത്.
കുഴൽപണം പിടികൂടിയ സംഭവത്തിലും വ്യാപാരി മരിച്ചതടക്കം നാലു കേസുകളാണ് ഇവർക്കെതിരേ രജിസ്റ്റർ ചെയ്തത്. വ്യാപാരിയെ ഇടിച്ച കാർനിർത്താതെ പോയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം പാലത്തിനു സമീപത്തുനിന്നാണ് ഇന്നലെ വളപട്ടണം പോലീസ് കുഴൽപ്പണ സംഘത്തെ പിടികൂടിയത്. കാറിൽ ഇന്ധന ടാങ്കിനകത്ത് പ്രത്യേക അറകളുണ്ടാക്കിയാണു പണം സൂക്ഷിച്ചിരുന്നത്.
സ്വർണക്കടത്തുമായി ബന്ധമുള്ള സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കണ്ണൂർ വിമാനത്താവളം കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ് നൽകിയ വിവരത്തെ തുടർന്നാണ് ജാർഖണ്ഡ് രജിസ്ട്രേഷൻ കാർ പോലീസ് വിശദമായി പരിശോധിച്ചത്. എന്നാൽ ഇവരുടെ പക്കൽ നിന്നും സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിലും സ്വർണത്തെ കുറച്ചു വിവരം ലഭിച്ചിട്ടില്ല.
സ്വർണം ദേശീയപാതയിൽ വച്ച് എവിടെന്നെങ്കിലും കൈമാറിയെന്ന നിഗമനത്തിലാണു പോലീസും കസ്റ്റംസും. ഇക്കാര്യത്തിൽ ദുരൂഹത നീളുകയാണ്. കസ്റ്റംസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം മുതൽ പാപ്പിനിശേരി വരെയുള്ള ദേശീയ പാതയ്ക്കു സമീപത്തെ സിസി ടിവി കാമറകൾ പരിശോധിച്ചു വരികയാണ്. സ്വർണം മറ്റൊരു കാറിലേക്കു മാറ്റിയതായും സംശയമുയർന്നിട്ടുണ്ട്.
ഇന്നലെ രാവിലെ കട തുറക്കാൻ നടന്നുപോകവെയാണു നീലേശ്വരം രാജാസ് റോഡിലെ പച്ചക്കറി വ്യാപാരിയും കരിവെള്ളൂര്‍ പുത്തൂർ സ്വദേശിയും കരുവാച്ചേരിയിൽ താമസക്കാരനുമായ കെ.പി. തമ്പാനെ (55) കാറിടിച്ചത്. നാട്ടുകാരുടെയും മറ്റു യാത്രക്കാരുടെയും നേതൃത്വത്തിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. തന്പാനെ ഇടിച്ചുവീഴ്ത്തിയ കാർ നിര്ത്താതെപോയിരുന്നു.
നീലേശ്വരം എസ്ഐ പ്രേമന്, പോലീസുകാരായ ജയചന്ദ്രന് ഒളവറ, അജയന് കരിവെള്ളൂര്‍ തുടങ്ങിയവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നു വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് വയര്‍ലസ് സന്ദേശമയച്ചു. ഇതേത്തുടർന്നാണു വളപട്ടണം പോലീസ് പരിശോധന കർശനമാക്കിയത്. വളപട്ടണം പാലത്തിൽ വച്ചു ഹൈവേ പോലീസിന്റെ സഹായത്തോടെയാണു വളപട്ടണം സിഐ എം. കൃഷ്ണനും എസ്ഐ പി. വിജേഷും സംഘവും കാർ പിടികൂടിയത്.