കോഴിക്കോട്: ലോഡ്ജില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സഹോദരന് റിമാന്‍ഡില്‍. അത്തോളി കൊളത്തൂര്‍ വൈശാഖില്‍ ശ്രീജിത്ത് (39) മര്‍ദനമേറ്റ് മരിച്ച കേസിലാണ് സഹോദരന് ഷാജി (45)യെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. അതേസമയം മരണ കാരണം അടിപിടിക്കിടെയുണ്ടായ ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ പോലീസിന് കൈമാറും. ബുധനാഴ്ച രാത്രി പത്തരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജിലാണ് സംഭവം. ഇവരുടെ അമ്മ ശാന്തയെ അര്‍ബുദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരും കഴിഞ്ഞ ദിവസം ആശുപത്രിക്കുസമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്. മുറിയുടെ താക്കോലുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ശ്രീജിത്തിന്റെ നാഭിയില്‍ ഷാജി ചവിട്ടുകയായിരുന്നു. ഷാജിയ്ക്കും മര്‍ദനമേറ്റിരുന്നു.