ചങ്ങരംകുളം:ബൈക്ക് അപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്തടം സ്വദേശി പരുവിങ്ങൽ ഉസ്മാന്റെ മകൻ ബഷീർ(36)ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഏഴരയോടെയാണ് എടപ്പാൾ തുയ്യത്ത് വച്ച് ബഷീർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. പുറങ്ങ് മാരാമംഗലത്തുള്ള മാതാവിന്റെ വീട്ടിൽ നിന്നു എടപ്പാളിലേക്കു വരികയായിരുന്നു ബഷീർ.
ഗുരുതര പരിക്കേറ്റ ബഷീറിനെ നാട്ടുകാർ ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ഇന്നലെ രാത്രി 12 മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഭാര്യയും മൂന്നുമക്കളുമുള്ള ബഷീറിന്റെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കിയെങ്കിലും ഞായറാഴ്ച വീട്ടിൽ താമസമാക്കാനിരിക്കെയാണ് നാട്ടുകാരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി ബഷീർ യാത്രയായത്.
കല്ലുംപുറം തങ്ങൾ റോഡിൽ പുതിയ വീട് നിർമാണം പൂർത്തിയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം പെരുമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ജുബീന. മക്കൾ: ആയിഷ, ഫഹീം, ഹംദ. മാതാവ്: ആമിനക്കുട്ടി.