കണ്ണൂർ: യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് കണ്ണൂരിലെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് കനത്ത സുരക്ഷ. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ 200 പോലീസുകാരെയാണ് വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചത്.
രാവിലെ കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിയ കേന്ദ്രമന്ത്രി 10 ഓടെ പയ്യാന്പലം മാരാർജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നവനീതം ഓഡിറ്റോറിയത്തിൽ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാകമ്മിറ്റി ഓഫീസായ മാരാർജി ഭവനിലെത്തിയ അദ്ദേഹം ബലിദാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്രമന്ത്രി കടന്നുപോകുന്ന റൂട്ടിലെ പ്രധാന കേന്ദ്രങ്ങളിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ പോലീസ് പട്രോളിംഗും ശക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുവജന സംഘടനകൾ പ്രതിഷേധം നടത്തുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിക്ക് കനത്ത സുരക്ഷ ഒരുക്കിയത്. കണ്ണൂരിലെ പരിപാടിക്ക് ശേഷം ഉച്ചയോടെ അദ്ദേഹം കോഴിക്കോട്ടേക്ക് തിരിക്കും.