കണ്ണൂർ: പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ സംഖ്യാബലത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭാരതീയ വിചാരകേന്ദ്രംസംസ്ഥാന വാർഷിക സമ്മേളനം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന വിരുദ്ധമായതുകൊണ്ട് പാർലമെന്റിൽ പാസാക്കിയ നിയമത്തെ എതിർക്കുകയാണെന്ന് പ്രതിപക്ഷം പറയുന്നു. അങ്ങനെയെങ്കിൽ കേരള നിയമസഭയിൽ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം പാസാക്കുന്ന നിയമം ബിജെപി എതിർക്കുന്നുവെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്. ജനാധിപത്യത്തിൽ സംഖ്യയ്ക്കാണ് പ്രധാന്യം.
അതിനപ്പുറം പരിഗണനയില്ല. സംവരണം മാത്രമാണ് അതിനപ്പുറം പരിഗണിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെങ്കിൽ സുപ്രീംകോടതി തീരുമാനമെടുക്കട്ടെ. അങ്ങനെയൊരു തീരുമാനം എടുക്കാൻ ശ്രമിച്ചാൽ ഭരണഘടനാവിരുദ്ധമാണെന്നു പറയാം. അല്ലാതെ സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ളവർ റോഡിലിറങ്ങി മുദ്രാവാക്യം വിളിച്ചാൽ ഭരണാഘടനവിരുദ്ധമാകില്ല.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഡൽഹി സർവകലാശാല പ്രഫസർ ഡോ. രാകേഷ് സിഹ്ന എംപി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.സി. സുധീർബാബു, അഡ്വ. കെ.കെ. ബൽറാം, കെ. നന്ദകുമാർ, ആർ. സഞ്ജയൻ, ഡോ. കെ. ജയപ്രസാദ് എന്നിവർ പ്രസംഗിച്ചു.