ബദിയഡുക്ക: ഹരിതകേരളം പദ്ധതി നടപ്പിലാക്കിയെന്നു പ്രഖ്യാപിക്കുമ്പോഴും ബദിയഡുക്കയിൽ അതൊന്നും നടപ്പിലാകുന്നില്ല. പഞ്ചായത്ത് പരിധിയിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും കുടുംബശ്രീ മുഖാന്തരം തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ടൗണിലെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പരിശീലനം നല്‍കിയെങ്കിലും ടൗണില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്ന് കൂടി കിടക്കുകയാണ്.
നിരവധി യാത്രക്കാരെത്തുന്ന ബദിയഡുക്ക ടൗണിന്റെ ഹൃദയഭാഗത്തുള്ള ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്തുള്ള പൊട്ടക്കിണറിന്റെ അകത്തും പുറത്തും മാലിന്യം തള്ളിയതുമൂലം ബദിയടുക്ക ടൗൺ പരിസരവും ദുര്‍ഗന്ധം വമിക്കുകയാണ്. സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന്റെ പിറകുവശത്തുള്ള പൊട്ടക്കിണറാണ് വ്യാപാരികൾ മാലിന്യം തള്ളാൻ ഉപയോഗിക്കുന്നത്.
ഹോട്ടലുകളുടെ പഴകിയ ഭക്ഷണങ്ങളും പച്ചക്കറി കടയിലെ കേടായ സാധനങ്ങളും മറ്റും വ്യാപാരികൾ പ്ലാസ്റ്റിക്ക് കവറിൽ കെട്ടി ഇവിടെ വലിച്ചെറിയുന്നത് പതിവാണ്. ബാങ്ക്, പോസ്റ്റ് ഓഫീസ് ഹോട്ടലുകൾ, കടകൾ ഉൾപ്പെടെയുള്ള ഭാഗത്താണ് ഈ അവസ്ഥ. തള്ളിയ മാലിന്യത്തിൽ ഈച്ചകള്‍ മുട്ടയിട്ടു പെരുകുന്നത് മൂലം ഈച്ച ശല്യവും രൂക്ഷമാണ്. മാത്രവുമല്ല കൊതുക് ശല്യവും രൂക്ഷമാണ്.
മാലിന്യാവശിഷ്ടങ്ങൾ തിന്നാനെത്തുന്ന തെരുവുനായകളും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ബസ്സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും വിദ്യാര്‍ഥികളുമാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. മാസങ്ങളോളമായി ഈ മാലിന്യക്കൂമ്പാരത്തെ കുറിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് അറിയമാങ്കിലും മൗനം പാലിക്കുന്നതായാണ് ആരോപണം.