സ്വന്തം ലേഖകൻ
തൃശൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ നിന്നും അകാരണമായി പതിനായിരക്കണക്കിന് വോട്ടർമാരുടെ പേരുവെട്ടി നീക്കിയ ബിഎൽഒമാരെത്തന്നെ വോട്ടർപട്ടിക പരിഷ്കരണ ചുമതല ഏൽപ്പിച്ചതിൽ പ്രതിഷേധം. പേരുവെട്ടിപ്പോയ വോട്ടർമാർ വിവരാവകാശ നിയമപ്രകാരം എന്തു കാരണത്താലാണ് തങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടതെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് വോട്ടർപട്ടികയിൽനിന്നും തങ്ങളുടെ പേരുകൾ നീക്കിയതെന്നും ചോദിച്ചപ്പോൾ ബിഎൽഒമാരാണ് പേരു നീക്കാൻ ശുപാർശ നൽകിയതെന്നായിരുന്നു മറുപടി ലഭിച്ചത്.
ജീവിച്ചിരിപ്പുണ്ടായിട്ടും സ്വന്തം താമസസ്ഥലത്ത് വർഷങ്ങളായി താമസിക്കുന്നവരായിട്ടും വോട്ടർപട്ടികയിൽ നിന്നു പേര് നീക്കം ചെയ്യപ്പെടുകയും വോട്ടവകാശം നിഷേധിക്കപ്പെടുകയും ചെയതവർക്ക് അനുകൂലമായി യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം ബിഎൽമാരെ തന്നെ വോട്ടർപട്ടിക പരിഷ്കരണത്തിന് ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്ന് വോട്ടർമാർ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസം തൃശൂരിൽ ജില്ലയിലെ വോട്ടർപട്ടിക പുതുക്കൽ നിരീക്ഷണ ഉദ്യോഗസ്ഥനായ ഗവ. സെക്രട്ടറിയുമായ പി വേണുഗോപാലിന്റെ സാന്നിധ്യത്തിൽ ചേർന്ന വോട്ടർപട്ടിക പരിഷ്കരണ അവലോകന യോഗത്തിൽ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിനായി എല്ലാ രാഷ്ട്രീയപാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവർത്തന തുടങ്ങാൻ നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വൻതോതിലാണ് വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്നും വെട്ടിനീക്കിയത്. ഇതിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന സർക്കാർ ജീവനക്കാരുടെ പേരുകൾ വരെ ഉൾപ്പെട്ടിരുന്നു. അകാരണമായി പേരുകൾ വെട്ടിനീക്കിയ ബിഎൽഒമാർക്കെതിരെ ഇതുവരെയും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് അറിയുന്നത്.
സുതാര്യമായ തെരഞ്ഞെടുപ്പ് പ്രകിയ നടപ്പാക്കാൻ തടസം നിൽക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഇലക്ഷൻ കമ്മീഷന് അധികാരമുണ്ടെന്നിരിക്കെ ഇത്രയും വലിയ തെറ്റ് സംഭവിച്ച സാഹചര്യത്തിൽ ഇതിനുത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് വോട്ടവകാശം നഷ്ടപ്പെട്ടവർ ഇപ്പോഴും ആവർത്തിച്ചാവശ്യപ്പെടുന്നുണ്ട്. അതിനിടെയാണ് വോട്ടർപട്ടിക പരിഷ്കരണത്തിനായി വീണ്ടും ബിഎൽഒമാരെ ചുമതലപ്പെടുത്തുന്നത്.
പേരു വെട്ടിപ്പോയവർ വീണ്ടും പേരു ചേർക്കാൻ നെട്ടോട്ടമോടുകയാണ്. പേരുചേർക്കാനായി ഒരുക്കിയ മൊബൈൽ ആപ് ഫലപ്രദമല്ലെന്ന് വോട്ടർമാർ പറയുന്നു. പേരു ചേർക്കാൻ ഇനിയധികം സമയമില്ലാത്തതിനാൽ പലരും ജനസേവനകേന്ദ്രങ്ങളിലും കളക്ടറേറ്റിലുമൊക്കെയെത്തി പേരു ചേർക്കാനുള്ള വഴി തേടുകയാണ്.