ആലപ്പുഴ: സമൂഹത്തിൽ മാന്യതയുടെ മൂടുപടമണിഞ്ഞ് മുങ്ങിനടന്നിരുന്ന മാലമോഷ്ടാക്കൾ ഒടുവിൽ പിടിയിൽ. ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഓപ്പറേഷൻ 916-ലൂടെ പിടികൂടപ്പെട്ടത് വൈകുന്നേരങ്ങളിൽ പൾസർ ബൈക്കുകളിലെത്തി വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചിരുന്ന ആലപ്പുഴ പുന്നപ്ര വണ്ടാനം കാട്ടുപുറം വെളിയിൽ ഫിറോസ് എന്ന കോയാമോൻ (34), കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേതിൽ ഷിഹാബ് എന്ന ഷിഹാദ് (30) എന്നിവരെയാണ്. കഴിഞ്ഞ മൂന്നുവർഷമായി പോലീസിനെ വിദഗ്ധമായി കബളിപ്പിച്ചിരുന്ന ഇരുവരെയും പഴുതടച്ച അന്വേഷണത്തിലൂടെയാണ് പിടികൂടാനായതും.
നന്പർ പ്ലേറ്റ് പോലും മാറ്റാതിരുന്നിട്ടും സന്ധ്യസമയങ്ങളിൽ ഇടവഴികളിൽ വച്ചു നടത്തിയിരുന്ന മോഷണമായതിനാൽ കൃത്യമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. എങ്കിലും ഇവരുടെ ശാരീരിക പ്രത്യേകതകളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു.
കൂടുതലും വെള്ളി, ശനി ദിവസങ്ങളിലായിരുന്നു കൃത്യത്തിനു സംഘം തുനിഞ്ഞിരുന്നത്. അന്വേഷണ സംഘം പല സംഘങ്ങളായി തെരഞ്ഞുകിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിൽ സമാന സംഭവങ്ങളിൽ ഉൾപ്പെട്ടവരെക്കുറിച്ചും ചെയ്ത രീതികളെക്കുറിച്ചും വിവരം ശേഖരിച്ചു.
2017ൽ ആലപ്പുഴ കളർകോട് കൈതവന ഗണപതി അന്പലത്തിനു സമീപം വൈകുന്നേരം നടന്ന മാലപൊട്ടിക്കൽ കേസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മുന്പു ലഭിച്ച ചില സിസിടിവി ദൃശ്യങ്ങൾ സമീപകാലത്തെ ദൃശ്യങ്ങളുമായി താരതമ്യം ചെയ്തപ്പോൾ ഉൾപ്പെട്ടിരിക്കുന്നത് ഒരു സംഘം തന്നെയാണെന്നും മനസിലായി. എല്ലാ ദൃശ്യങ്ങളിലും തടിച്ച ശരീരപ്രകൃതിയുള്ള താടിവച്ച ഒരാളെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു.
തുടർന്ന് 2016നു ശേഷം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൾസർ വണ്ടികളുടെ വിവരം ശേഖരിച്ച് പരിശോധിച്ചു. സംഭവം നടന്നിട്ടുള്ള ഇടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും ഫോണ് വിവരങ്ങളും ഒക്കെ പരിശോധിച്ചതിൽ ഇവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെങ്കിലും സമൂഹത്തിൽ കുടുംബവുമൊത്ത് താമസിച്ചിരുന്നതിനാൽ വ്യക്തതയ്ക്കായി കൂടുതൽ അന്വേഷിക്കേണ്ടി വന്നു.
2016 വരെ സൗദിയിൽ ഒന്നിച്ചു ജോലി ചെയ്തിരുന്ന ഇവർ നാട്ടിലെത്തി ബിസിനസ് തുടങ്ങാൻ പദ്ധതിയിടുകയും പണത്തിനായി മാല പൊട്ടിക്കലിലേക്കു കടക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. മാലപൊട്ടിക്കലിനെക്കുറിച്ചുള്ള പത്രവാർത്ത വാട്സ്ആപ്പിലൂടെ വന്നതും പ്രചോദനമായി.
ഇത്തരത്തിൽ സന്പാദിച്ച പണം അനാവശ്യമായി ചെലവഴിക്കാതെ ഒന്നാംപ്രതി ഫിറോസ് ചേർത്തല എസ്എൻ കോളജിനു സമീപവും പുന്നപ്ര കുറവൻതോട്ടിലും ബ്ലാക്ക്ഫോറസ്റ്റ് എന്ന പേരിൽ ബേക്കറിയും ഐസ്ക്രീം പാർലറും നടത്തുകയായിരുന്നു. കരുനാഗപ്പള്ളിയിൽ പാരീസ് മെൻസ് വെയർ എന്ന സ്ഥാപനം രണ്ടുപേരും കൂടി പാർട്ണർഷിപ്പിൽ നടത്തിയെങ്കിലും വരുമാനത്തക്കുറിച്ചുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ മേയ് മാസത്തിൽ പിരിയുകയും ഷിഹാബ് ഒറ്റയ്ക്ക് നടത്തി വരികയുമായിരുന്നു.
പങ്കുകച്ചവടം പിരിഞ്ഞതിനു ശേഷം ഒന്നാംപ്രതി ഒറ്റയ്ക്കായിരുന്നു മാല പൊട്ടിക്കൽ നടത്തിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി. ഓരോ തവണ കൃത്യത്തിനുശേഷം ചേർത്തലയിലെ കടയിലേക്കായിരുന്നു പോയിരുന്നത്. കടയുടമയെന്ന ലേബലും മാന്യതയും കൊണ്ട് തങ്ങൾ സംശയിക്കപ്പെടില്ലെന്നും പിടികൂടപ്പെടില്ലെന്നും പ്രതികൾ വിശ്വസിച്ചു.
ആലപ്പുഴ സൗത്ത്, നോർത്ത്, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ചേർത്തല, കരുനാഗപ്പള്ളി സ്റ്റേഷൻ പരിധികളിലായി 30ലധികം മാലപൊട്ടിക്കൽ കേസുകളാണ് ഇരുവർക്കുമെതിരേയുള്ളത്. റിക്കവറി നടപടികൾ പൂർത്തിയാകുന്നതോടുകൂടി ഉദ്ദേശം നൂറുപവനോളം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യക അന്വേഷണസംഘത്തിൽ എഎസ്പി വിവേക് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.ആർ. ജയരാജ്, സൗത്ത് സിഐ എം.കെ. രാജേഷ്, എസ്ഐമാരായ കെ.ജി. രതീഷ്, പ്രേംസ്കുമാർ, ഷാജിമോൻ, എഎസ്ഐമാരായ മോഹൻകുമാർ, സുധീർ, ശരത്ചന്ദ്രൻ, സീനിയർ സിപിഒ രമേഷ്ബാബു, സിപിഒമാരായ വിഷ്ണു, അരുണ്, ദിനുലാൽ, സിദ്ദിഖ്, ബിനുമോൻ, ബിനോജ്, റോബിൻസണ്, പ്രവീഷ്, ബിനുകുമാർ എന്നിവരാണുണ്ടായിരുന്നത്.