തൊടുപുഴ: വിവാഹിതയായ യുവതിയെ രാത്രി കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി. തൊടുപുഴ വെങ്ങല്ലൂർ അച്ചൻകവല പുളിയ്ക്കൽ സിയാദ് (കോക്കർ-34) മരിച്ച കേസിൽ അറസ്റ്റിലായ വെങ്ങല്ലൂർ വരാരപ്പിള്ളിൽ സിദ്ദിഖിനെ (51) യുമായി തൊടുപുഴ സിഐ സജീവ് ചെറിയാന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം തെളിവെടുപ്പു നടത്തിയത്. കുത്താനുപയോഗിച്ച കത്തി പ്രതിയുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തു.
യുവതിയുടെ പിതാവാണ് പിടിയിലായ സിദ്ദിഖ്. സിയാദിനെ കൊലപ്പെടുത്തിയ ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട സിദ്ദിഖിനെ ഇന്നലെ വൈകുന്നേരം കോട്ടയത്തു നിന്നും തൊടുപുഴയിലേക്ക് വരുന്നതിനിടെ കോലാനിയിൽ വച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാത്രി യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് സിയാദ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നും താൻ തന്നെയാണ് കൊല നടത്തിയതെന്നും സിദ്ദിഖ് പോലീസിനു മൊഴി നൽകി. മകളുടെ കുടുംബജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കു കാരണം സിയാദായതിനാലാണ് കൊലപ്പെടുത്തേണ്ടി വന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിയാദും സിദ്ദിക്കും തമ്മിൽ മുൻപും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
സംഭവ സ്ഥലത്തും പ്രതിയുടെ വീട്ടിലുമാണ് തെളിവെടുത്തത്. സിദ്ദിഖിന്റെ മകളുമായി സൗഹൃദം പുലർത്തിയിരുന്ന സിയാദ് വ്യാഴാഴ്ച രാത്രിയിൽ ഇവരുടെ വീട്ടിലെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. ഇയാൾ വീട്ടിലെത്തിയതോടെ ഭർത്താവും സിയാദും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഭർത്താവ് ഈ വിവരം സിദ്ദിഖിനെ അറിയിച്ചു.
ഇതിനിടെ സിദ്ദിക്കും സിയാദും തമ്മിൽ കണ്ടുമുട്ടുകയും വാക്കേറ്റവും സംഘർഷവുമുണ്ടാവുകയുമായിരുന്നു പിന്നീട് വെങ്ങല്ലൂർ മുസ്ലിം പള്ളിക്കു സമീപത്ത് വച്ച് സിയാദും സിദ്ദിഖുമായി ഉണ്ടായ സംഘർഷത്തിലാണ് സിയാദ് കൊല്ലപ്പെട്ടത്. സിദ്ദിഖിനെ തെളിവെടുപ്പു പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി.