കൊച്ചി: സ്ഫോടനത്തിനു തൊട്ടു മുൻപ് നാവികസേനയുടെ ഹെലികോപ്റ്റർ പരിശീലന പറക്കൽ നടത്തിയതു ഫ്ലാറ്റുകൾ പൊളിക്കാനുള്ള സ്ഫോടന നടപടികളുടെ താളംതെറ്റിച്ചു. സ്ഫോടനം നടത്താൻ നിശ്ചയിച്ച സമയത്തുതന്നെ നേവി ഹെലികോപ്ടർ ആകാശത്തു പ്രത്യക്ഷപ്പെടുകയായിരുന്നു.
ഇതു കളക്ടർ ഉൾപ്പെടെയുള്ളവരെ അസ്വസ്ഥരാക്കി. നാവികസേനാ അധികൃതരെ ഫോണിൽ വിളിച്ചു കളക്ടർ അതൃപ്തി അറിയിച്ച ശേഷമാണു ഹെലികോപ്ടർ പിൻവലിച്ചത്. ഇതുമൂലം 17 മിനിറ്റ് വൈകിയായിരുന്നു ആദ്യ സ്ഫോടനം.
ഹോളി ഫെയ്ത്ത് എച്ച്ടുഒ പൊളിക്കാൻ നിശ്ചയിച്ചത് രാവിലെ 11നായിരുന്നു. ഇതിനായി 10.31ന് ആദ്യ സൈറൻ മുഴങ്ങി. രണ്ടാം സൈറണ്‍ 10.55നാണ് മുഴക്കാൻ നിശ്ചയിച്ചിരുന്നത്. ഈ സമയത്താണ് നേവി ഹെലികോപ്റ്റർ പരീക്ഷണ പറക്കൽ നടത്തിയത്. പലതവണ ഹെലികോപ്റ്റർ ഫ്ലാറ്റുകളുടെ ചുറ്റും പറന്നു. ഇതോടെ രണ്ടാം സൈറണ്‍ മുഴക്കുന്നതു നീട്ടി.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ അറിയിപ്പുകളും മാധ്യമങ്ങൾ വഴി ജില്ലാഭരണകൂടവും പോലീസും നൽകിയിട്ടുണ്ടായിരുന്നു. ഇതറിവുണ്ടായിട്ടും നേവിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടായതിൽ ജില്ലാ ഭരണകൂടത്തിനും പോലീസിനും അതൃപ്തിയുണ്ടായി.
പതിവായി ചെയ്യാറുള്ള പരിശീലന പറക്കലാണ് ഇന്നലെ ഉണ്ടായതെന്നും നിരോധനാജ്ഞയുള്ള 200 മീറ്ററിനു പുറത്തായിരുന്നു പറക്കൽ നടത്തിയതെന്നും നേവി അധികതർ അറിയിച്ചു. സന്ദേശം ലഭിച്ച ഉടൻ ഹെലികോപ്റ്റർ പിൻവാങ്ങിയതെന്നും നേവി അറിയിച്ചു.