മഞ്ചേരി: ചെവി വേദനയ്ക്കു ചികിത്സ തേടിയെത്തിയ യുവാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച സംഭവം വിവാദമാകുന്നു. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് മരണത്തിനിടയാക്കിയതെന്നാരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
മഞ്ചേരിക്കടുത്തു ഇരുന്പുഴി സ്വദേശി പാലത്തിങ്ങൽ വേലായുധന്റെ മകൻ പ്രകാശൻ (39) ആണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെളളിയാഴ്ച രാത്രി മരിച്ചത്. ചെവി വേദനയെ തുടർന്നു ബൈക്കിൽ ഭാര്യക്കൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു പ്രകാശൻ. ചികിത്സയുടെ ഭാഗമായി ഇഞ്ചക്ഷൻ കൊടുത്തതോടെ പ്രകാശന് ദേഹാസ്വാസ്ഥ്യമുണ്ടായതായി ബന്ധുക്കൾ പറയുന്നു.
ഏറെ വൈകാതെ മരിച്ചു. ചികിത്സയിലെ വീഴ്ചയാണ് മരണത്തിനു കാരണമെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്തു ബഹളം വച്ചു. എന്നാൽ യുവാവിന്റെ മരണത്തിൽ അസ്വാഭാവികതയോ ചികിത്സാ പിഴവോ വന്നിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗമ്യയാണ് പ്രകാശന്റെ ഭാര്യ. മാതാവ് : കല്ല്യാണി.