കൊടുങ്ങല്ലൂർ: ദേശീയപാതയിലെ കോട്ടപ്പുറം പാലത്തിന് താഴെ ഇന്നലെ ഉച്ചയോടെ ഉണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് വിലമതിക്കുന്ന വാഹനങ്ങൾ കത്തിനശിച്ചു. കൊടുങ്ങല്ലൂർ പോലീസ് പിടിച്ചെടുത്ത അനധികൃത മണൽക്കടത്ത് ലോറികൾ ഉൾപ്പെടെ 35-ഓളം വാഹനങ്ങളാണ് തീപിടിത്തത്തിൽ കത്തിയമർന്നത്.
പാലത്തിനു താഴെ കണ്ടെയ്നർ റോഡിനു സമീപം മാലിന്യകൂന്പാരത്തിനും ഉണങ്ങിയ പുൽപ്പടർപ്പുകൾക്കും ഇടയിലാണ് വാഹനങ്ങൾ കിടന്നിരുന്നത്. പുല്ലിന് തീപിടിച്ചാണ് വാഹനങ്ങളിലേക്കും തീ പടർന്നതെന്ന് സമീപവാസികൾ പറഞ്ഞു. നിരവധി കേസുകളിലായി കോടതിയിൽ ഹാജരാക്കേണ്ട ലോറികളും ടെന്പോകളും ഓട്ടോറിക്ഷകളും കാറുകളും ബസുകളും മറ്റുമാണ് കത്തിപ്പോയത്.
തീപിടിത്തം ഉണ്ടായ ഉടൻ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ ഫയർ സ്റ്റേഷൻ ഓഫീസർ രാജേന്ദ്രനാഥിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് പാഞ്ഞെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും മാള, പറവൂർ ഉൾപ്പെടെ അഞ്ച് യൂണിറ്റുകൾ ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് തീയണക്കാൻ കഴിഞ്ഞത്.