ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ സ്കൂളിന് സമീപത്ത് ഇന്നലെ ഉച്ചയോടെ ഹെൽമെറ്റ് വെയ്ക്കാതെ ബൈക്കിലെത്തിയ യുവാക്കൾ പോലീസിനെ കണ്ട ഉടൻ പെട്ടു എന്ന് മനസിലുറപ്പിച്ചു. കൈകാണിച്ച പോലീസ് എസ്ഐ കെ.എസ്. സുശാന്ത് ബൈക്ക് സൈഡിലേയ്ക്ക് ഒതുക്കി നിർത്തിച്ച് യുവാക്കളോട് ഫോണ് ആവശ്യപ്പെട്ടു.
മൊബൈൽ നൽകിയ ഇരുവരോടും എസ്ഐ ഫോണിന്റെ വില ചോദിച്ചപ്പോൾ 15000 രൂപയോളം വരും എന്ന് അറിയിച്ചു. ഇത്രയും വിലയുള്ള ഫോണിന് ബാക്ക് കവറും മറ്റ് പ്രൊട്ടക്ഷനുകളും നൽകുന്ന നിങ്ങൾക്ക് സ്വന്തം ജീവന്റെ വില അതിലും നിസാരമാണോ എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമുണ്ടായിരുന്നില്ല ആ യുവാക്കൾക്ക്.
ഇരുചക്ര വാഹനം ഓടിക്കുന്പോൾ ഓടിക്കുന്ന വ്യക്തിയോടൊപ്പം പുറകിലിരിക്കുന്നയാളും ഹെൽമെറ്റ് വെയ്ക്കണമെന്ന് നിർദേശിച്ച് അടുത്ത തവണ പിഴ നൽകേണ്ടി വരും എന്ന മുന്നറിയിപ്പോടെയാണ് യുവാക്കളെ യാത്രയാക്കിയത്. ഹെൽമെറ്റ് ധരിച്ച് വന്ന യാത്രികർക്ക് റോസപുഷ്പം നൽകി പോലീസ് ആദരിക്കുകയും ചെയ്തു.
ട്രാഫിക് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. രാവിലെ കാട്ടുങ്ങച്ചിറയിൽ നിന്ന് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാക്വത്തോണ് ഡിവൈഎസ്പി ഫേമസ് വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. ജനമൈത്രി പോലീസ് അംഗങ്ങളും വിദ്യാർഥികളും വാക്വത്തോണിൽ പങ്കെടുത്തു.