ഓക്ലൻഡ്: മൂന്നു വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചു സെറീന വില്ല്യംസ്. ഓക്ലൻഡ് ക്ലാസിക് കിരീടം സ്വന്തമാക്കിയാണു സെറീന വരൾച്ച അവസാനിപ്പിക്കുന്നത്. 2017-ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ ശേഷമുള്ള സെറീനയുടെ ആദ്യ ഫൈനൽ വിജയമാണിത്.
ഓക്ലൻഡിലെ ഫൈനലിൽ ജെസിക്ക പെഗുലയെയാണു സെറീന പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 6-4. മുപ്പത്തെട്ടുകാരിയായ സെറീനയുടെ 73-ാം ഡബ്ള്യുടിഎ കിരീടമാണിത്. വിജയിക്കു ലഭിച്ച 43,000 ഡോളർ സമ്മാനത്തുക സെറീന ഓസ്ട്രേലിയയിലെ കാട്ടുതീ സഹായമായി കൈമാറി.
2017-ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ ശേഷം സെറീന അഞ്ചു ഫൈനലുകളിൽ മത്സരിച്ചിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. ഇതുവരെ 23 ഗ്രാൻസ്ളാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സെറീന, 24 ഗ്രാൻസ്ളാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ റിക്കാർഡാണ് ലക്ഷ്യമിടുന്നത്.