ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വെന്റിലേറ്റർ സൗകര്യമില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച അയ്യപ്പഭക്തൻ മരിച്ചു. പാലക്കാട് ഓളശേരി പാളയം ഒന്ന് പുത്തൻവീട്ടിൽ കൃഷ്ണൻ കുട്ടി (56) ആണ് മരിച്ചത്. ശബരിമല ദർശനത്തിനായി ശനിയാഴ്ച രാവിലെ ആറിന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം പന്പയിലെത്തിയ കൃഷ്ണൻകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ട്രോളിയിലാണ് സന്നിധാനത്ത് എത്തിയത്.
എട്ടിനു സന്നിധാനത്ത് എത്തിയപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഉടൻ തന്നെ സന്നിധാനത്തുള്ള ഡോക്ടർമാർ പരിശോധന നടത്തുകയും വേഗത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം പ്രാഥമിക പരിശോധന നടത്തി ആറാം വാർഡിലേക്ക് (മെഡിസിൻ) മാറ്റി. എന്നാൽ കൃഷ്ണൻകുട്ടിയുടെ ആരോഗ്യനില വളരെ മോശമായതിനാൽ വെന്റിലേറ്റർ സൗകര്യം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ഇന്നലെ രാത്രി ഏഴ് മണിയായിട്ടും വെന്റിലേറ്റർ ലഭിക്കാതിരുന്നതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ കൃഷ്ണൻകുട്ടിയെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി 8.30നു മരിച്ചു. മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോയി. ഭാര്യ: ശോഭന. മക്കൾ: കിഷോർ, കിരണ്‍.