സ്വന്തം ലേഖകൻ
തൃശൂർ: ധനുമാസക്കാറ്റ് വീശുന്പോൾ കടന്നൽക്കൂടുകളിളകി കടന്നലുകൾ കൂട്ടത്തോടെ പറന്നെത്തി ആളുകളെ ആക്രമിക്കുന്നത് പതിവാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കടന്നൽകുത്തേറ്റ് നിരവധി പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. കാറ്റ് ശക്തമായതോടെ കടന്നൽകൂടുകൾ ഇളകി കടന്നലുകൾ കൂടുവിട്ട് പുറത്ത് പറന്നെത്തി കുട്ടികളടക്കമുള്ളവരെ ആക്രമിക്കുകയാണ്. നാട്ടിൻപുറങ്ങളിലാണ് ഇവയുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്.
വലിയ മരങ്ങളുടെ ഉയരങ്ങളിലുള്ള കടന്നൽകൂടുകളിൽ പക്ഷികൾ വന്നിടിക്കുകയോ കൊത്തുകയോ ചെയ്യുന്പോഴും കടന്നലുകൾ കൂട്ടത്തോടെ പറന്നെത്തുന്നുണ്ട്.ഉയരത്തിലുള്ള കടന്നൽകൂടുകൾ എങ്ങിനെ നീക്കം ചെയ്യണമെന്ന് ആർക്കും നിശ്ചയമില്ല. പലരും ഫയർഫോഴ്സിനേയും വനംവകുപ്പിനേയും കടന്നൽകൂട് നീക്കം ചെയ്യാൻ സഹായം തേടി വിളിക്കുന്നുണ്ട്.
എന്നാൽ ഫയർഫോഴ്സിന് കടന്നൽകൂട് നീക്കം ചെയ്യാനുള്ള സജ്ജീകരണങ്ങളോ സംവിധാനങ്ങളോ ഇല്ല. കടന്നൽകുത്തേൽക്കാതിരിക്കാനുള്ള പ്രത്യേക സ്യൂട്ടും മറ്റുമുണ്ടെങ്കിൽ മാത്രമേ സുരക്ഷിതമായി ഇത് നീക്കം ചെയ്യാനാകൂ. എന്നാൽ ഫയർഫോഴ്സിന്റെ കൈവശം ഇതില്ലെന്ന് മാത്രമല്ല ഫയർ ഫോഴ്സിന് കടന്നൽക്കൂടുകൾ നീക്കം ചെയ്യാനുള്ള ട്രെയിനിംഗും ലഭിച്ചിട്ടില്ല. പല സ്വകാര്യ ഏജൻസികളും കടന്നൽകൂടുകൾ നീക്കം ചെയ്യുന്ന ദൗത്യം ഏറ്റെടുത്ത് നടത്തുന്നുണ്ട്.
കടന്നൽ കുത്തേറ്റാൽ ചെയ്യേണ്ടത്
കുത്തേൽക്കുന്നവർക്ക് ജീവൻ നഷ്ടപെടുന്നത് വരെയുള്ള സാഹചര്യം ഉണ്ടാവാം. അതുകൊണ്ട് കൃത്യസമയത്ത് ശരിയായ വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് ഡോക്ടർമാർ പറയുന്നു. കടന്നലുകളുടെ ആക്രമണത്തിൽ നിന്ന് എത്രയും വേഗം രക്ഷപ്പെട്ട് സുരക്ഷിത സ്ഥലത്തേക്ക് മാറുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്.
കുത്തേറ്റയാളുടെ അടുത്തേക്ക് എത്തുന്ന രക്ഷാപ്രവർത്തകതർ ആളുടെ ശ്വസനവും ഹൃദയത്തിന്റെ പ്രവർത്തനവും ശരിയായി നടക്കുന്നുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. ശ്വാസതടസമുണ്ടെങ്കിൽ കൃത്രിമശ്വാസോച്ഛാസവും ഹൃദയമിടിപ്പില്ലെങ്കിൽ സി.പിആറോ നൽകണം. കുത്തിയ ഭാഗത്ത് ഐസ് വെച്ചു കൊടുക്കുന്നത് നീരും വേദനയും കുറയാൻ സഹായിക്കും. കുത്തേറ്റവർക്ക് ഗുരുതരമായ അലർജിക്കും സാധ്യതയുള്ളതിനാൽ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.
സൂക്ഷിക്കണം
കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കാനെത്തുന്പോൾ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പുള്ളത്. പത്തുകടന്നൽ ചേർന്നാൽ ഒരു പാന്പു കടിച്ചതിന് തുല്യമാണെന്നാണ് പറയാറുള്ളത്. കാട്ടുകടന്നലുകൾ ഏറെ അപകടകാരികളാണെന്നും ഓർക്കുക.
മർമം നോക്കി കുത്താനും കടന്നലുകൾക്കറിയാം. പ്രത്യേകിച്ചും അരയ്ക്കു മുകളിലായിരിക്കും ആക്രമണം. നെറ്റിയുടെ മധ്യം, ഹൃദയഭാഗം, ചെന്നി, കഴുത്തിന്റെ വശങ്ങൾ, തൊണ്ടയുടെ അടുത്ത് എന്നിവിടങ്ങളിൽ കുത്തേറ്റാൽ വിഷം പെട്ടെന്നു സംക്രമിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
പോലീസ് സ്റ്റേഷനുകളിലേക്കും സഹായം തേടി വിളിയെത്താറുണ്ട്. എന്നാൽ അവരും നിസഹായരാണ്. വനംവകുപ്പിലെ വാച്ചർമാരെയും സഹായത്തിനായി ആളുകൾ വിളിക്കാറുണ്ട്. ശക്തമായി വെള്ളം ചീറ്റിച്ചും തീകത്തിച്ചുമൊക്കെ കടന്നൽകൂട് നശിപ്പിക്കാൻ ആളുകൾ ശ്രമിക്കാറുണ്ടെങ്കിലും അതെല്ലാം പലപ്പോഴും അപകടത്തിലെത്താറുണ്ട്. അതിനാൽ സൂക്ഷിക്കുക…