കണ്ണൂർ: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹകരിക്കാതെ വരുന്പോൾ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള റോഡ് സുരക്ഷ അഥോറിറ്റിയുടെയും കേരള മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ റോഡ് സുരക്ഷാ വാരം സംസ്ഥാനതല ഉദ്ഘാടനം കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കർശന പരിശോധനകളും ബോധവത്കരണവും തുടരും.
രാത്രികാലങ്ങളിൽ ഡ്രൈവ് ചെയ്യുന്നവർക്കായി നിശ്ചിത അകലം പാലിച്ചുകൊണ്ട് ചായയും കാപ്പിയും നൽകാനുള്ള കോഫി ഷോപ്പ് തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഉറക്കമൊഴിച്ച് യാത്ര ചെയ്യുന്പോൾ അപകടങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം നടത്താൻ തീരുമാനിച്ചത്.
ഉറക്കം വരിക എന്നത് മനുഷ്യസഹജമാണ്. ഡ്രൈവിംഗിനിടെ ഉറക്കംവരുന്പോൾ ഒന്നു നിർത്തി ചായയോ കാപ്പിയോ കുടിച്ച് മുഖംകഴുകിയാൽ ഉന്മേഷം വീണ്ടെടുക്കാൻ സാധിക്കുമെന്നതുകൊണ്ടാണ് ഇത്തരം ഷോപ്പുകളെ കുറിച്ച് ആലോചിക്കുന്നത്. ചെറിയ പ്രായത്തിലുള്ളവർക്ക് ഡ്രൈവ് ചെയ്യുന്പോൾ സ്പീഡ് ഒരു ഹരമാണ്. എന്നാൽ യാദൃശ്ചികമായി റോഡിൽ വാഹനം പെട്ടെന്ന് നിർത്തേണ്ടിവരുന്നത് കൊണ്ട് അപകടം ഉണ്ടാകുന്നു.
വേഗത ജീവഹാനിക്കും ചിലപ്പോൾ ജീവഛവമായി കഴിയേണ്ടിയും വരും. ഇത്തരം കാര്യങ്ങളിൽ കൃത്യമായി ഇടപെടലുകൾ നടത്താൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ നിർദേശം നൽകിയിട്ടുണ്ട്. മനുഷ്യനാണെന്ന് മറന്നുകൊണ്ടുള്ള ഡ്രൈവിംഗ് അപകടം വിളിച്ചുവരുത്തും. അപകടസാധ്യതയുള്ള റോഡുകൾക്ക് അടയാളപ്പെടുത്തലും ജാഗ്രതപ്പെടുത്തലും ശാസ്ത്രീയമായ രീതിയിൽ കൂടുതൽ തെളിമയോടെ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
ട്രാഫിക് നിയമം പാലിക്കൽ, വാഹനം റോഡിൽ ഇറങ്ങിയാൽ പാലിക്കേണ്ട നിയമങ്ങൾ എന്നിവ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കണ്ണൂർ മേയർ സുമ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. ശ്രീലേഖ, റോഡ് സേഫ്റ്റി കമ്മീഷണർ എൻ. ശങ്കർറെഡ്ഡി, കളക്ടർ ടി.വി. സുഭാഷ്, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് 17 പുതിയ പരിശോധന വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ആധുനിക രീതിയിലുള്ള പരിശോധന വാഹനത്തിന് ഒന്നിന് 25 ലക്ഷം രൂപയാണ് വില.