‘ഗാന്ധിനഗർ: പഠിച്ച സ്ഥാപനത്തിന് അംഗീകാരമില്ലെന്ന കാരണത്താൽ മെഡിക്കൽ കോളജിലെ താത്കാലിക ലാബ് ടെക്നീഷനെ പിരിച്ചുവിട്ടു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ ബയോകെമസ്ട്രി സെന്റർ ലാബിൽ ലാബ് ടെക്നീഷൻ (ഗ്രേഡ് രണ്ട്) തസ്തികയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരിയെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്.
ഇന്റർവ്യൂ സമയത്തു അതിനു ശേഷവും ഹാജരാക്കിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ കേരള പാരാമെഡിക്കൽ കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാത്തതാണെന്നും ജീവനക്കാരി പഠിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനം മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതാണെന്നും ചൂണ്ടി ക്കാണിച്ചാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. കണ്ണൂർ തലശേരി സ്വദേശിനിക്ക് ലഭിച്ച വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിലെ ഡിഎം എൽ റ്റി വിദ്യാർഥികൾ കൊടുത്ത പരാതിയിലാണ് നടപടി.
കോട്ടയം മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷന്മാരുടെ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ കഴിഞ്ഞ ജൂലൈ 10-നു നടത്താൻ കോട്ടയം എംപ്ലോയ്മെന്റ് അധികൃതർ ഉദ്യോഗാർഥികൾക്ക് നോട്ടീസ് അയച്ചു. പട്ടികയിൽ പേരുണ്ടായിരുന്ന ഉദ്യോഗാർഥി ഇന്റർവ്യൂവിൽ പങ്കെടുക്കുകയും ഓഗസ്റ്റ് അഞ്ചിന് സെൻട്രൽ ലാബിൽ ലാബ് ടെക്നീഷൻ തസ്തികയിൽ നിയമിക്കുകയും ചെയ്തു.
മെഡിക്കൽ കോളജിലെ പാരാ മെഡിക്കൽ വിദ്യാർഥികൾ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തലശേരി സ്വദേശിനിയായ ഒരു വിദ്യാർഥി വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള വിവരാവകാശത്തിന് കോളജ് അധികൃതർക്ക് അപേക്ഷ നൽകി. എംഎൽറ്റി പഠിച്ച സ്ഥാപനത്തിന്റെ പേര്, കേരളത്തിന് പുറത്താണു പഠിച്ചതെങ്കിൽ കേരള ആരോഗ്യസർവകലാശാല മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടോ തുടങ്ങി 10 ചോദ്യങ്ങളാണ് വിവരാവകാശത്തിലൂടെ ചോദിച്ചത്.
തുടർന്നാണ് ഇന്റർവ്യൂ ചെയ്ത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ രേഖകൾ പരിശോധിച്ച് ഒക്ടോബർ ഒൻപതിന് ടെക്്നീഷനു നോട്ടീസ് അയച്ചത്. 23-നു അവർ നൽകിയ മറുപടിയിൽ പഠിച്ച സ്ഥാപനം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ളതല്ലെന്നും ജോലിയിൽ പ്രവേശിക്കുന്നതിന് പാരാമെഡിക്കൽ കൗണ്‍സിലിന്റെ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നും കണ്ടെത്തിയത്.