സി.സി.സോമൻ
കോട്ടയം: പോലീസ് സ്റ്റേഷനിലും ഇനി അവലോകന യോഗം. സാധാരണ എല്ലാ മാസവും നടക്കുന്ന ക്രൈം മിറ്റിംഗിനു പുറമെയുള്ള യോഗമാണിത്. എല്ലാ മാസവും ഒടുവിലത്തെ ആഴ്ചയിൽ എസ്എച്ച്ഒമാരാണ് യോഗം വിളിച്ചു ചേർക്കേണ്ടത്. ഇതു സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം ഡിജിപി സംസ്ഥാനത്തെ ജില്ലാ പോലീസ് മേധാവികൾക്ക് നല്കിയിട്ടുണ്ട്.
പോലീസിന്റെ പ്രതിഛായ നന്നാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. എസ്ഐ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുമായി തൃശൂർ പോലീസ് അക്കാദമിയിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ യോഗത്തിലാണ് പോലീസ് സ്റ്റേഷനുകളിലും ഇനി മുതൽ അവലോകന യോഗം ചേരാൻ തീരുമാനിച്ചത്.
അവലോകന യോഗത്തിന്റെ റിപ്പോർട്ട് അതാത് മാസം പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് അയയ്ക്കാനും നിർദേശമുണ്ട്. റിപ്പോർട്ട് നല്കേണ്ടത് എസ്പിമാരാണ്. പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച നിരവധി പരാതികൾ സർക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.
ജനമൈത്രി പോലീസിന്റെ പ്രവർത്തനം, പൊതുജനങ്ങൾക്ക് പോലീസിന്റെ പ്രവർത്തനത്തിലുള്ള തൃപ്തി, പരാതിയുടെ തീർപ്പാക്കൽ , സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, സീനിയർ സിറ്റിസണ്, പോലീസിന്റെ മികച്ച കുറ്റാന്വേഷണ പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളുടെ അവലോകനമാണ് നടക്കുക.
സാധാരണ ക്രൈം മീറ്റിംഗുകളിൽ കേൾക്കുന്നതു പോലെ എത്ര പെറ്റിക്കേസ് പിടിച്ചുവെന്നുള്ള ചോദ്യമൊന്നും അവലോകന യോഗത്തിലുണ്ടാവില്ല. പോലീസ് സ്റ്റേഷനുകളിലെ അവലോകന യോഗത്തിനു ശേഷം ഡിജിപിയുടെ വീഡിയോ കോണ്ഫൻസിംഗും എല്ലാ മാസവും ഇനിയുണ്ടാവും.