അന്പലപ്പുഴ: യാത്രയ്ക്കിടെ കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. അന്പലപ്പുഴ കച്ചേരി മുക്ക് സ്റ്റാന്‍ഡിലെ നിവേദ്യം എന്ന ഓട്ടോറിക്ഷയുടെ ഉടമയായ കാക്കാഴം മാന്പലത്തറ വാലുമുണ്ടക്കൽ അശോകനാണ് മൂന്നു പവന്റെ മാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായത്. ഇന്നലെ ഉച്ചക്ക് ഒന്നോടെ സ്റ്റാൻഡിലെത്തിയ കരൂർ സ്വദേശി, അശോകന്റെ വണ്ടിയിൽ യാത്രപോയി.
പിന്നീട് പന്പിലെത്തി പെട്രോൾ നിറയ്ക്കുന്പോഴാണ് ഓട്ടോയുടെ പിൻസീറ്റിൽ ചെറിയ ബാഗ് അശോകന്റെ ശ്രദ്ധയിൽപ്പെട്ടത്. സ്റ്റാന്‍ഡിലെത്തി വിവരം സഹപ്രവർത്തകരെ അറിയിച്ചു. പിന്നീട് യാത്രക്കാരനെ അന്വേഷിച്ചു പോകാനുള്ള ഒരുക്കത്തിനിടെ മാലയുടെ ഉടമ സ്ഥലത്തെത്തി. തുടർന്ന് മാലയടങ്ങിയ ബാഗ് കൈമാറുകയായിരുന്നു.