കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈവർഷം ഹജ്ജിന് പോകാൻ 10,834പേർക്ക് അവസരം. ആകെ ലഭിച്ച 26,081 അപേക്ഷകളിൽ 2832പേർക്ക് നേരിട്ടും 8002പേരെ നറുക്കെടുപ്പിലൂടെയുമാണ് തെരഞ്ഞെടുത്തത്. അപേക്ഷകരിൽ 70 വയസിന് മുകളിൽ പ്രായമുളളവരുടെ കാറ്റഗറിയിലെ 1095പേർക്കും പുരുഷന്മാരില്ലാതെ 45 വയസിന് മുകളിൽ പ്രായമുളളവരുടെ സംഘമായ ലേഡീസ് വിത്തൗട്ട് മെഹ്റം കാറ്റഗറിയിൽ 1737പേർക്കുമാണ് നേരിട്ട് അവസരം നൽകിയത്. കഴിഞ്ഞ വർഷവും 70 വയസ് കാറ്റഗറിക്കാർക്കും ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിനും നേരിട്ട് അവസരം നൽകിയിരുന്നു.
ഹജ്ജ് നറുക്കെടുപ്പിന് ശേഷമുളള 15,230 അപേക്ഷകരിൽ വീണ്ടും നറുക്കെടുപ്പ് നടത്തി വെയിറ്റിംഗ് ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന സീറ്റുകളുടെ അധിക ഹജ്ജ് ക്വോട്ട ലഭിക്കുന്പോൾ വെയിറ്റിംഗ് ലിസ്റ്റിലെ മുൻഗണനാ ക്രമത്തിലുളളവർക്ക് അവസരം നൽകും.ഹജ്ജിന് അവസരം ലഭിച്ചവർക്കും വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഹജ്ജ് ഹൗസിൽ നിന്ന് എസ്എംഎസ് സന്ദേശം നൽകിയിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹജ്ജ് നറുക്കെടുപ്പും വനിതാ ഹജ്ജ് ഹൗസ് കെട്ടിട നിർമ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം ഹജ്ജ് കാര്യവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിച്ചു. ഈ വർഷം ഹജ്ജ് തീർത്ഥാടകർക്ക് പാസ്പോർട്ട് സമർപ്പണത്തിന് കരിപ്പൂരിന് പുറമെ, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിൽ മാത്രമാണ് പാസ്പോർട്ടുകൾ സ്വീകരിച്ചിരുന്നത്.
പാസ്പോർട്ട് സ്വീകരണ കേന്ദ്രങ്ങൾ വർധിപ്പിച്ചത് വിവിധ ജില്ലകളിലെ തീർഥാടകർക്ക് ഉപകാരപ്രദമാവുമെന്ന് മന്ത്രി പറഞ്ഞു.ടി.വി.ഇബ്രാഹീം എംഎൽഎ അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എംഎൽഎമാരായ കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്സിൻ, കൊണ്ടോട്ടി നഗരസഭ അധ്യക്ഷ കെ.സി.ഷീബ, കൗണ്സിലർ പി.രജനി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.അബ്ദുറഹിമാൻ(ഇണ്ണി), മുസ്ലിയാർ സജീർ, കാസിം കോയ പൊന്നാനി, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, എച്ച്. മുസമ്മിൽ ഹാജി, എം.എസ്. അനസ് ഹാജി, പി.കെ.അഹമ്മദ്, വി.സുലൈഖ, ഹജ്ജ് സെക്രട്ടറിയും മലപ്പുറം കളക്ടറുമായ ജാഫർ മാലിക്, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ പ്രഫ.എ.കെ.അബ്ദുൾ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.