തൃശൂർ: സെന്റ് തോമസ് കോളജിലേക്കു ഗവേഷണ വിദ്യാർഥികളായി ജർമൻ ദന്പതികൾ എത്തുന്നു. തായ്ലൻഡിലെ ബാങ്കോക്ക് വാഴ്സിറ്റി എന്റർപ്രണർഷിപ്പ് മേധാവിയും ഗ്ലോബൽ എന്റർപ്രെണർഷിപ്പ് മോണിറ്റർ തായ്ലൻഡ് റിസേർച്ച് ടീം മേധാവിയുമായ ഡോ. ഉൾറികെ ഗിലിക്, ഭർത്താവ് പ്രഫ. ഹാൻസ് മിഖായേൽ ഗിലിക് എന്നിവരാണ് സെ ന്റ് തോമസ് കോളജിന്റെ യശസ് കേട്ടറിഞ്ഞു ഗവേഷണ വിദ്യാർഥികളായി എത്തുന്നത്.
കോളജിലെത്തിയ ഇരുവരെയും കോമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രഫസറും റിസർച്ച് ഗൈഡുമായ ഡോ. പി. പോൾ ജോസ് ഗവേഷണ വിദ്യാർഥികളായി സ്വീകരിച്ചു. ഡോ. ഉൾറികെ കാലിഫോർണിയ വാഴ്സി റ്റിയിൽ നിന്നു ഗവേഷണ ബിരുദവും രണ്ട് എംബിഎ ബിരുദങ്ങളും നേടിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ സെന്റ് തോമസിൽ വന്ന ഉൾറികെ ഇവിടെ ഗവേഷണം തുടരുന്നതിനു താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.
ഡോ. പോൾ ജോസുമായുള്ള സൗഹൃദം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. അഡ്മിഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ കാലിക്കട്ട് സർവകലാശാലയ്ക്കു നൽകി കഴിഞ്ഞ ആറുമാസമായി കാത്തിരിക്കുകയായിരുന്നു ഇരുവരും.
കേരളത്തിലെ കോളജുകളുടെ ചരിത്രത്തിൽതന്നെ അപൂർവമാണ് കോളജുകളുടെ റിസർച്ച് വിഭാഗത്തിൽ വിദേശ ഗവേഷണ വിദ്യാർഥികൾ ചേരുന്നത്.