കണ്ണൂർ: കണ്ണൂരിലെ റെയിൽവേ ട്രാക്ക് കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്ന സംഘത്തലവൻ അറസ്റ്റിൽ. പഴയങ്ങാടി കൊവ്വപ്പുറത്തെ കെ.എ. നിയാസുദ്ദീനെ (33) യാണ് കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ 12 ന് യോഗശാല റോഡിൽ പള്ളിയാന്മൂല സ്വദേശി അർജുൻ വിനയകുമാറിന്റെ കെഎൽ 13 യു 4497 നന്പർ ബൈക്ക് നിർത്തിയിട്ടിരുന്നു.
ഇത് കവർന്ന സംഭവത്തിലാണ് നിയാസുദ്ദീനെ അറസ്റ്റുചെയ്തത്. യോഗശാല റോഡിലെ സിസി ടിവി പരിശോധിച്ചതിൽ നിന്നാണ് നിയാസുദ്ദീനാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കണ്ണൂർ നഗരം കേന്ദ്രീകരിച്ചുള്ള നിരവധി കവർച്ച നടത്തിയ സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചത്.
അറസ്റ്റിലായ നിയാസുദ്ദീൻ കണ്ണൂർ ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിലെ മുഖ്യപ്രതിയാണ്.25 ഓളം കേസിലെ പ്രതിയായ ഇയാൾ ആന്ധ്രയിലെ ജയിലിൽ 25 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു.കഴിഞ്ഞ 30 ന് മുണ്ടയാട് സ്വദേശിയുടെ മൂന്ന് പവൻ മാലയും 30,000 രൂപയും കവർന്ന കേസിലും ഇയാൾ പ്രതിയാണ്.