മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഈ വർഷത്തെ മാനഹാനി ഓസ്ട്രേലിയയുടെ വക. മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ 10 വിക്കറ്റിനു നാണംകെടുത്തി ഓസ്ട്രേലിയയുടെ ആനന്ദനൃത്തം. ബാറ്റിംഗിലും ബൗളിംഗിലും അന്പേ പരാജയപ്പെട്ട ഇന്ത്യയെയാണ് ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇന്ത്യ 49.1 ഓവറിൽ 255നു പുറത്ത്. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 37.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 258 റണ്‍സ് എടുത്തു. 112 പന്തിൽ മൂന്ന് സിക്സും 17 ഫോറും അടക്കം 128 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഡേവിഡ് വാർണറും 114 പന്തിൽ രണ്ട് സിക്സും 13 ഫോറും അടക്കം 110 റണ്‍സുമായി കട്ടയ്ക്കു കൂട്ടുനിന്ന ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചുമാണ് ഇന്ത്യക്ക് നാണക്കേട് സമ്മാനിച്ചത്. വാർണറാണ് മാൻ ഓഫ് ദ മാച്ച്.
കോഹ്ലിക്കു വിമർശനം
ഇന്ത്യൻ ടോപ് ഓർഡറിൽ പരീക്ഷണങ്ങൾ തുടരുന്നത് ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചതായാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. രോഹിത് ശർമ (10) -ശിഖർ ധവാൻ (74) എന്നിവരെ ഓപ്പണിംഗിനിറക്കിയ ഇന്ത്യ മൂന്നാം നന്പറായി കെ.എൽ. രാഹുലിനെ (47) നിയോഗിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സ്ഥിരം സ്ഥാനമായിരുന്ന മൂന്നിൽ രാഹുൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
എന്നാൽ, നാലാം നന്പറിൽ കോഹ്ലിക്കു (16) തിളങ്ങാനായില്ല. നാലാം നന്പറിൽ മുന്‍പ് തിളങ്ങിയ ശ്രേയസ് അയ്യർക്ക് (നാല്) അഞ്ചാം സ്ഥാനത്ത് പിഴയ്ക്കുകയും ചെയ്തു. രണ്ടാം വിക്കറ്റിൽ ധവാൻ-രാഹുൽ കൂട്ടുകെട്ട് നേടിയ 121 റണ്‍സും ആറാം വിക്കറ്റിൽ ഋഷഭ് പന്തും (28) രവീന്ദ്ര ജഡേജയും (25) ചേർന്നു നേടിയ 49 റണ്‍സുമാണ് ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടുകൾ.
ബൗളിംഗിൽ ഇന്ത്യ തികഞ്ഞ പരാജയമായിരുന്നു. 20 എക്സ്ട്രാസ് ആണ് ഇന്ത്യൻ ബൗളർമാർ വഴങ്ങിയത്.
സ്കോർബോർഡ്
ടോസ്: ഓസ്ട്രേലിയ
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രോഹിത് സി വാർണർ ബി സ്റ്റാർക്ക് 10, ധവാൻ സി അഗർ ബി കമ്മിൻസ് 74, രാഹുൽ സി സ്മിത്ത് ബി അഗർ 47, കോഹ്ലി സി ആൻഡ് ബി സാംപ 16, അയ്യർ സി കാരെ ബി സ്റ്റാർക്ക് 4, പന്ത് സി ടർണർ ബി കമ്മിൻസ് 28, ജഡേജ സി കാരെ ബി റിച്ചാർഡ്സണ് 25, ഠാക്കുർ ബി സ്റ്റാർക്ക് 13, ഷാമി സി കാരെ ബി റിച്ചാർഡ്സണ് 10, കുൽദീപ് റണ്ണൗട്ട് 17, ബുംറ നോട്ടൗട്ട് 0, എക്സ്ട്രാസ് 11, ആകെ 49.1 ഓവറിൽ 255.
വിക്കറ്റ് വീഴ്ച: 1-13, 2-134, 3-140, 4-156, 5-164, 6-213, 7-217, 8-229, 9-255, 10-255.
ബൗളിംഗ്: സ്റ്റാർക്ക് 10-0-56-3, കമ്മിൻസ് 10-1-44-2, റിച്ചാർഡ്സണ് 9.1-0-43-2, സാംപ 10-0-53-1, അഗർ 10-1-56-1.
ഓസ്ട്രേലിയ ബാറ്റിംഗ്: വാർണർ നോട്ടൗട്ട് 128, ഫിഞ്ച് നോട്ടൗട്ട് 110, എക്സ്ട്രാസ് 20, ആകെ 37.4 ഓവറിൽ 258.
ബൗളിംഗ്: ഷാമി 7.4-0-58-0, ബുംറ 7-0-50-0, ഠാക്കുർ 5-0-43-0, കുൽദീപ് 10-0-55-0, ജഡേജ 8-0-41-0.