തിരുവനന്തപുരം: കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് “മാലാഖ’എന്ന പേരിൽ ബോധവത്കരണ പരിപാടികൾക്ക് കേരള പോലീസ് രൂപം നൽകി.
രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലർത്തുന്ന രക്ഷകർത്താക്കൾ, അധ്യാപകർ, ബന്ധുക്കൾ, പോലീസുദ്യോഗസ്ഥർ, ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് ബോധവത്കരണം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
15 മുതൽ മാർച്ച് 31 വരെ നീളുന്ന തരത്തിലാണ് വിവിധ തരത്തിലുളള പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ പോലീസ് മേധാവിമാർക്കാണ് പരിപാടികളുടെ മേൽനോട്ട ചുമതല.
കുട്ടികൾക്കുനേരേയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സന്ദേശങ്ങൾ പതിപ്പിച്ച “വാവ എക്സ്പ്രസ്’ എന്ന പേരിലുള്ള പ്രചാരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവത്കരണം നടത്തും.
ഇതിനുപുറമെ സംസ്ഥാനത്തൊട്ടാകെ ഒപ്പുശേഖരണം, ഘോഷയാത്രകൾ, സാംസ്കാരിക പരിപാടികൾ, നാടകങ്ങൾ, തെരുവു നാടകങ്ങൾ, മണൽ ചിത്രരചന, ചലച്ചിത്ര /ടെലിവിഷൻ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പൊതുപരിപാടികൾ, അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ, ജനശ്രീ പ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പൊതുപരിപാടികൾ എന്നിവ നടക്കും.