കോതമംഗലം: പെരിയാറിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് പെരിയാർവാലി കനാലുകൾ വഴിയുള്ള ജലവിതരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ജില്ലയുടെ പലഭാഗങ്ങളും വേനലിന്റെ തുടക്കത്തിൽ തന്നെ വരൾച്ചയുടെ പിടിയിലാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ജനുവരി ആദ്യവാരം മുതൽ പെരിയാർവാലി കനാലുകളെല്ലാം തുറന്ന് ജലവിതരണം നടത്തുകയാണ് പതിവ്. എന്നാൽ ഇത്തവണ ജനുവരി പകുതിയായപ്പോഴും കനാലുകളിലേറെയും അടഞ്ഞുകിടക്കുകയാണ്.
ഭൂതത്താൻകെട്ട് ഡാമിൽ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് കനാലിലൂടെ വെള്ളമൊഴുക്കാൻ കഴിയാത്തതെന്ന് പെരിയാർവാലി അധികൃതർ വ്യക്തമാക്കി. ഡാമിൽ മുൻവർഷങ്ങളേക്കാൾ ഏഴ് അടി താഴെയാണ് ജലനിരപ്പ്. ഭൂതത്താൽകെട്ട് ഡാമിൽ 34.95 മീറ്റർ സംഭരണ ശേഷിയിൽ എത്തിയാൽ മാത്രമേ പെരിയാർവാലി കനാലുകളിലൂടെ പൂർണതോതിൽ വെള്ളം തുറക്കാൻ സാധിക്കുകയുള്ളു. 32.85 മീറ്ററാണ് ഇന്നലെ ഡാമിൽ രേഖപ്പെടുത്തിയ ജലനിരപ്പ്.
പിണ്ടിമന അടിയോടിയിൽനിന്നു ലോ ലവൽ, ഹൈലെവൽ എന്നിങ്ങനെ രണ്ട് കനാലുകൾ വഴിയാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്തുന്നത്. രണ്ട് കനാലുകളിലുടേയും ഒരേസമയം ജലവിതരണം നടത്തുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ഒരു കനാലിലൂടെ പോലും സ്ഥിരമായി വെള്ളംവിടാൻ കഴിയുന്നില്ല. 10 ദിവസംവീതം മാറിമാറി കനാൽ അടച്ചിട്ട് ജലവിതരണം ക്രമീകരിക്കാനാണ് നിലവിലെ തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തിൽ ലോലവൽ കനാൽ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഹൈലെവൽ അടച്ചശേഷം ലോലവൽ വീണ്ടും തുറക്കും. ജില്ലയിലെ ഒട്ടേറെ പ്രദേശങ്ങൾ കൃഷിക്കും വീട്ടാവശ്യത്തിനും കനാൽവെള്ളത്തെയാണ് ആശ്രയിക്കുന്നത്. വേനലിന്റെ തുടക്കത്തിൽതന്നെ ജലക്ഷാമം രൂഷമാണ്.ഈസാഹചര്യത്തിൽ കനാൽവെള്ളം കൃത്യമായി കിട്ടാതെവരുന്നത് വലിയ ദുരിതത്തിന് കാരണമാകും.
ഇടമലയാർ, ലോവർ പെരിയാർ ഡാമുകളിൽനിന്ന് വൈദ്യുതി ഉത്പാദനം കൂട്ടി കൂടുതൽ വെള്ളംതുറന്നുവിടുകയാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏക മാർഗം. ഇക്കാര്യം കെഎസ്ഇബിയേയും കളക്ട്രറേയും അറിയിച്ചിട്ടുണ്ടെന്ന് പെരിയാർവാലി അധികൃതർ വ്യക്തമാക്കി. ശരാശരിയിലുമേറെ മഴ ലഭിച്ച തുലാവർഷക്കാലത്തിനുശേഷം അതിവേഗമാണ് പെരിയാറിൽ നീരൊഴുക്കിൽ കുറവുണ്ടായത്. പെരിയാറിൽ ചേരുന്ന പൂയംകുട്ടിയാറിലും പതിവിലും താഴെയാണ് ജലനിരപ്പ്. മറ്റ് കൈവഴികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.