മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ അലംഭാവമാണ് അങ്കമാലി-ശബരി റെയിൽവേ പദ്ധതി മരവിപ്പിച്ചതെന്ന് കേന്ദ്ര റെയിൽ മന്ത്രി പീയുഷ് ഗോയൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നതായി ഡീൻ കുര്യാക്കോസ് എംപി.
1998ൽ നിർമാണ അനുമതി ലഭിച്ച പദ്ധതിക്ക് 20 വർഷം മുന്‍പ് അങ്കമാലി മുതൽ രാമപുരം വരെ കല്ലിട്ടിരുന്നു. തുടർന്ന് ഏഴ് കിലോമീറ്റർ റെയിൽവേ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ നീളത്തിൽ പെരിയാർ പാലവും നിർമിച്ച കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ശബരി റെയിൽവേ.
256 കോടി രൂപയാണ് ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചത്. 20 വർഷങ്ങൾക്കുള്ളിൽ പദ്ധതി ചെലവ് 512 ശതമാനം വർധിച്ച സാഹചര്യത്തിൽ 2016 നവംബർ 15ന് നിർമാണ ചെലവിന്റെ 50 ശതമാനം വഹിക്കാമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒപ്പുവയ്ക്കുകയും തുടർന്ന് ഒരു വർഷത്തിനുള്ളിൽ ഉടന്പടിയിൽനിന്നു പിൻമാറുകയും ചെയ്തത് സംസ്ഥാന സർക്കാരിന്റെ റെയിൽവേ വികസനത്തോടുള്ള നിസഹകരണമാണ് വ്യക്തമാക്കുന്നതെന്ന് എംപി പറഞ്ഞു.
സതേണ്‍ റെയിൽവേയുടെ ഡിവിഷൻതല മീറ്റിംഗുകളിലും പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചെങ്കിലും നിസംഗതയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് 256 കോടി മുടക്കിയ ശബരി റെയിൽവേ ഉപേക്ഷിക്കുന്ന സമീപനം ഇരു സർക്കാരുകളും സ്വീകരിച്ചാൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എംപി മുന്നറിയിപ്പ് നൽകി.