മൂവാറ്റുപുഴ: എറണാകുളം കളക്ടറേറ്റിൽ ജോലി ചെയ്യുന്ന പെർഫോമൻസ് ഓഡിറ്റിംഗ് സീനിയർ സൂപ്രണ്ട് വി.എക്സ്. റൂബെൻസിന് കൈക്കൂലിക്കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി നാലു വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലുമാസംകൂടി ജയിലിൽ കിടക്കേണ്ടി വരും.
അഴിമതി നിരോധന വകുപ്പ് പ്രകാരമാണ് ശിക്ഷ. എറണാകുളം വിജിലൻസ് പോലീസ് ചാർജ് ചെയ്ത കേസിൽ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ബി. കലാംപാഷയാണു ശിക്ഷ വിധിച്ചത്. ഞാറയ്ക്കൽ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ, 2009ൽ വീട് നിർമിക്കുന്നതിന് ബിൽഡിംഗ് പെർമിറ്റ് നൽകുന്നതിനായി ഞാറക്കൽ ചുള്ളിക്കൽ വീട്ടിൽ വറീതുകുട്ടിയുടെ മകൻ സി.വി. ജോസിന്റെ കൈയിൽനിന്ന് 2000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.
2009 ഒക്ടോബർ 19ന് തുക ആവശ്യപ്പെടുകയും തൊട്ടടുത്ത ദിവസം1000 രൂപ കൈപ്പറ്റുകയും ചെയ്തപ്പോൾ വിജിലൻസ് പോലീസ് ഒരുക്കിയ കെണിയിൽ പ്രതി കുടുങ്ങുകയായിരുന്നു. ഞാറയ്ക്കൽ പഞ്ചായത്ത് ഓഫീസിൽ സ്പെഷൽ ഗ്രേഡ് സെക്രട്ടറിയുടെ സ്ഥാനം വഹിച്ചിരുന്നപ്പോഴാണ് റൂബെൻസിനെ വിജിലൻസ് അറസ്റ്റ്ചെയ്യുന്നത്.
ഞാറയ്ക്കൽ പഞ്ചായത്തിൽ വീടു പണിയുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥർ ജനങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് ജനങ്ങൾ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
പ്രതിയെ അറസ്റ്റുചെയ്തപ്പോൾ ജനക്കൂട്ടം അന്ന് പഞ്ചായത്ത് ഓഫീസിൽ തടിച്ചുകൂടുകയും റീത്ത് വച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സാക്ഷികളിൽ ഉദ്യോഗസ്ഥരായ രണ്ടു പേർ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ എൽ.ആർ. രജ്ഞിത് കുമാർ ഹാജരായി.