ചിറ്റൂർ: അപകടഭീഷണി നേരിടുന്ന കന്നിമാരി കനാൽപാലത്തിന് കൈവരി നിർമിക്കണമെന്ന സമീപവാസികളുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമായി. ഈ ആവശ്യത്തിനുനേരെ പൊതുമരാമത്തു മുഖംതിരിഞ്ഞു നിൽക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.ഇവിടെ വാഹനങ്ങൾ പാലത്തിൽനിന്നും താഴെവീണ അപകടങ്ങളുണ്ടായിട്ടുണ്ട്. സംഭവസമയത്ത് സ്ഥലത്തെത്തി പരിശോധന നടത്തിയാൽ പിന്നീടെത്തുന്നതു മറ്റൊരു അപകടം നടക്കുന്പോഴാണ്.
നാല്പതു യാത്രക്കാരുമായി എറണാകുളം ഭാഗത്തേക്ക് പോയ ബസ് പാലത്തിൽനിന്നും നിയന്ത്രണംവിട്ട് കനാലിൽ വീണ അപകടം നടന്നിരുന്നു. പാലത്തിൽ എതിരേവന്ന വാഹനത്തിനു വഴിമാറികൊടുക്കുന്നതിനിടെ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ഇടിച്ച് യുവകർഷകൻ സംഭവസ്ഥലത്തു മരിച്ചിരുന്നു. മീനാക്ഷിപുരം ഭാഗത്തുംനിന്നും വരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പാലം കടക്കുന്നതും ഭീതിയിലാണ്. അന്പതുവർഷം മുന്‍പു നിർമിച്ച പാലം പല തവണയായി റോഡ് വികസനം നടത്തുന്നതിന്റെ ഭാഗമായി വിസ്താരം വർധിപ്പിച്ചിരുന്നു. എന്നാൽ പാലത്തിനു കൈവരി നിർമാണം പല കാരണം പറഞ്ഞു പൊതുമരാമത്ത് നീട്ടികൊണ്ടു പോവുകയായിരുന്നു. അന്‍പതിൽ കൂടുതൽ സ്വകാര്യ ബസുകളും എണ്ണമറ്റ തീർത്ഥാടന വിനോദ സഞ്ചാര വാഹനങ്ങൾക്കു പുറമെ പൊള്ളാച്ചിയിൽനിന്നും കൊടുവായൂർ, ആലത്തൂർ, തൃശൂർ ഭാഗത്തേക്ക് ഇടതടവില്ലാതെ ചരക്കുലോറികളും സഞ്ചരിക്കുന്ന പ്രധാനപാതയാണിത്.