വടക്കഞ്ചേരി: അപകടപരന്പരകൾ അരങ്ങേറുന്ന അഞ്ചുമൂർത്തിമംഗലത്ത് ദേശീയപാത വഴി പോകുന്ന ബസുകൾ തടയുമെന്ന് നാട്ടുകാർ. ഇവിടെ സർവീസ് റോഡുവഴി ബസുകൾ പോകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.രണ്ടുവർഷംമുന്പ് ഇവിടെ ബസുകൾ കൂട്ടിയിടിച്ച് വലിയ അപകടം ഉണ്ടായപ്പോൾ വാർഡ് മെംബർ മുതൽ മന്ത്രിയും എംപിയുമൊക്കെ സ്ഥലത്തെത്തി സർവീസ് റോഡുവഴി ബസുകൾ പോകണമെന്ന് തീരുമാനിച്ചിരുന്നു.
എന്നാൽ ഏതാനുംദിവസം മാത്രം തീരുമാനം നടപ്പാകുകയും പിന്നീട് പഴയമട്ടിൽ ദേശീയപാത വഴിയായി ബസുകളുടെ പാച്ചിൽ.സർവീസ് റോഡ് വഴി പോകാത്ത ബസുകൾക്കെതിരേ നടപടിയെടുത്താൽ തീരാവുന്ന വിഷയത്തിൽ പോലീസും ഇക്കാര്യത്തിൽ വേണ്ടത്ര താത്പര്യമെടുക്കുന്നില്ലത്രേ.
സ്കൂൾ സമയങ്ങളിലും തിരക്കേറിയ ശേീയപാതയിലാണ് ബസുകൾ നിർത്തുന്നത്. ഇവിടെ ബസ് ബേ ഇല്ലാത്തതിനാൽ ദേശീയപാതയുടെ പ്രധാന ലൈനിൽ തന്നെയാണ് ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും.സിഗ്നൽപോലും കാണിക്കാതെയാണ് പലപ്പോഴും ദേശീയപാതയുടെ നടുവിൽ ബസുകൾ പെട്ടെന്ന് നിർത്തി അപകടം ക്ഷണിച്ചുവരുത്തുന്നത്.
ഇവിടെ ബസ് ബേ നിർമിക്കുകയോ അതല്ലെങ്കിൽ നിലവിലുള്ള സ്റ്റോപ്പ് നൂറുമീറ്റർ കിഴക്കോട്ട് മാറ്റി സർവീസ് റോഡ് ആരംഭിക്കുന്ന ഭാഗത്തേക്ക് സ്റ്റോപ്പ് മാറ്റണമെന്ന നിർദേശവും പരിഗണിക്കാവുന്നതാണെന്ന് പറയുന്നു.