ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ വാനമ്പാടിയിലെ പ്രധാന വില്ലത്തിയും നായികയുടെ അമ്മയുമായ രുക്മിണി മാഡം എന്ന പ്രിയാമേനോനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഇതോടെ അറുതിയായിരിക്കുന്നുവെന്ന് അറിയിച്ചു കൊള്ളുന്നു. തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി രുക്മിണി മാഡം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയായിരുന്നു. ആ ഓട്ടത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.
താന്‍ വീഡിയോ പിന്‍വലിക്കുകയാണെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. സുഹൃത്തുക്കള്‍ നല്കിയ കരുതലുകളെ കുറിച്ച് അറിയാമെന്നും അവര്‍ കുറിക്കുന്നുണ്ട്. മൂന്നു മണി സീരിയലിലൂടെയാണ് പ്രിയ മിനി സ്ക്രീനിലേക്ക് എത്തുന്നത്. മലയാളം പോലും ശരിക്കറിയാത്ത പ്രിയ ഇപ്പോള്‍ മലയാളി വീട്ടമ്മമാര്‍ക്ക് മൊത്തം അറിയാവുന്ന നടിയായി മാറിയിരിക്കയാണ്. ഒരു സകലകലാവല്ലഭ കൂടിയാണ് രുക്മിണി മാഡം.
നടി, സംവിധായിക, കാന്‍വാസില്‍ അദ്ഭുതങ്ങള്‍ പകര്‍ത്തുന്ന ചിത്രകാരി, മികച്ച നര്‍ത്തകി, സംഗീതജ്ഞ, അദ്ധ്യാപിക, പാചകവിദഗ്ധ, ജൂവലറി മേക്കര്‍ തുടങ്ങി പ്രിയ മേനോന് കൈവയ്ക്കാത്ത മേഖലകള്‍ തന്നെ ചുരുക്കമാണ്. വാനമ്പാടിയിലെ രുക്മിണി എന്ന കഥാപാത്രം മികച്ച മൈലേജാണ് നടിക്ക് നേടികൊടുത്തത്. കഴിഞ്ഞ ദിവസമാണ് പ്രിയ തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെ സഹപ്രവര്‍ത്തകരുടെ കൊള്ളരുതായ്മകള്‍ തുറന്നടിച്ചത്. വാനമ്പാടിയിലെ സഹപ്രവര്‍ത്തകരുടെ ഹരാസ്മെന്റ് താങ്ങാനാകാതെ ജീവിതം പോലും അവസാനിപ്പിക്കേണ്ടിവന്നേക്കാമെന്നാണ് പ്രിയ വീഡിയോയില്‍ പറഞ്ഞിരുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്.
മുംബൈ മലയാളിയായ പ്രിയ കഴിഞ്ഞ 23 വര്‍ഷമായി തൃശ്ശൂര്‍ സ്വദേശിയായ ഭര്‍ത്താവിനൊപ്പം മസ്ക്കറ്റിലാണ് താമസം. അവിടെ അദ്ധ്യാപികയായ താരം അപ്രതീക്ഷിതമായിട്ടാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. അടുത്തകാലത്ത് മാതൃത്വത്തിന്റെ അര്‍ഥമന്വേഷിക്കുന്ന ‘ബ്രോക്കണ്‍ ലല്ലബി’ എന്ന നാടകത്തില്‍ അഞ്ചു കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ പ്രിയ മേനോന് അമ്പരപ്പിച്ചിരുന്നു. ഈ ഏകപാത്ര നാടകം സംവിധാനം ചെയ്തത് പ്രിയനന്ദനാണ്. പ്രിയനന്ദന് തന്നെയാണ് രുക്മിണിയെ അഭിനയരംഗത്തേക്ക് എത്തിച്ചതും.
പിന്നീട് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത മൂന്നു മണി എന്ന സീരിയലിലൂടെ മിനിസ്ക്രീനിലെത്തി. ഇതിനു പുറമേ രണ്ടു സിനിമകളില്‍ സഹസംവിധാന സഹായിയായും പ്രിയ എത്തി. കുമ്പസാരം എന്ന സിനിമയില്‍ അഭിനയിക്കുകയും പാട്ടെഴുതുകയും ചെയ്തു. മികച്ച ചിത്രകാരി എന്നതിലുപരി സംഗീത ആല്‍ബങ്ങളിലും കുക്കറി ഷോകളിലും ജൂവലറി മേക്കിംഗിലും പ്രിയ മേനോന്റെ സജീവസാന്നിധ്യമുണ്ട്. ഭരതനാട്യത്തിലും താരം പ്രഗത്ഭയാണ്.
മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാന്‍വേണ്ടി മാത്രം ഒമാനില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലെത്തുന്ന പ്രിയ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. അച്ഛനും അമ്മയും മുംബൈയിലായതുകൊണ്ട് പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാണ്. ഭര്‍ത്താവ് മധു, ഒമാന്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് രജിസ്റ്റ്രാര്‍ ആണ്. മസ്ക്കറ്റ് ഇന്ത്യന്‍ സ്കൂളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പ്രിയ. എന്തായാലും താരത്തിനു മേലുള്ള വധഭീഷണി നീങ്ങിയതില്‍ ആരാധകരെല്ലാം അതീവ സന്തുഷ്ടരാണെന്നു പറയാം.