ചാത്തന്നൂർ: മയ്യനാട് ആലുംമൂട്ടിൽ ദലിത് യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി തല്ലി കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നല്കി. പ്രതികളെ പോലിസ് കസ്റ്റഡിയിൽ തൊട്ടടുത്ത ദിവസം തന്നെ വിട്ടുകിട്ടുമെന്ന് ചാത്തന്നൂർ എ സിപി ജോർജ് കോശി പറഞ്ഞു.
മയ്യനാട് തെക്കുംകര ആലുംമൂട് ആതിരാഭവനിൽ അനിൽ കുമാറാ (23)ണ് മരിച്ചത്. ശനിയാഴ്ച പുലർച്ചേ ഒന്നരയോടെയാണ് മരണം സംഭവിച്ചത്. അനിൽകുമാറിന്റെ ശരീരത്തിൽ നാല്പതിലേറെ മാരകമായ പരിക്കുകളുണ്ടായിരുന്നു. വെട്ടിയൊരുക്കി വച്ചിരുന്ന വലിയ മരകമ്പുകൾ കൊണ്ടായിരുന്നു ആക്രമണം. ആദ്യം കാലുകൾ രണ്ടും അടിച്ചൊടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
സംഭവ സ്ഥലത്ത് വച്ച് തന്നെ അനിൽകുമാർ മരിച്ചു. അറസ്റ്റിലായ സന്തോഷ് കുമാറിനൊപ്പം താമസിക്കുന്ന ദീപ എന്ന സ്ത്രീയാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്. പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപത്ത് താമസിക്കുന്നവർക്ക് പോലും പുറത്തിറങ്ങാനാവാത്ത വിധം ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കൊലപാതകം.
മരിച്ച അനിൽകുമാറിന്റെ സഹോദരി ഭർത്താവ് മയ്യനാട് തെക്ക് കുളങ്ങര വീട്ടിൽ അനീഷ്(32), പുല്ലിച്ചിറ ആലുംമൂട് പണ്ടാരയിൽ തെക്കതിൽ സന്തോഷ് (34) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷിനും അനിഷിനും മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് കുടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്ന് കച്ചവടം എതിർത്തതിനെ തുടർന്നാണ് അനിൽകുമാറിനെ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി തല്ലി കൊന്നതെന്ന് പോലീസ് പറയുന്നു.