ചക്കരക്കൽ: ഇരിവേരിയില്‍ ബസ് ജീവനക്കാരനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ പരാതിയുമായി ബന്ധുക്കള്‍. ദേവപ്രിയ ബസിലെ ക്ലീനര്‍ പി. ശശിധരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. പാനൂര്‍ പോലീസിന്റെ പീഡനമാണ് മരണ കാരണമെന്നു കാണിച്ചാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും മറ്റും പരാതി നൽകിയത്.
ഇന്നലെ രാവിലെയാണ് ശശിധരനെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശശിധരനെതിരേ പാനൂര്‍ പോലീസില്‍ ഒരു വിദ്യാര്‍ഥി പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശശിധരനെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും അതാണ് ജീവനൊടുക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
മൂന്നുതവണ പോലീസ് വിളിച്ചുവരുത്തിയെന്നും ഭാര്യയെപോലും സ്റ്റേഷനില്‍ വിളിപ്പിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.അതേസമയം, ശശിധരനോട് ഒരുതരത്തിലും മോശമായി പെരുമാറിയിട്ടില്ലെന്ന് പാനൂര്‍ പോലീസ് അറിയിച്ചു. കുട്ടിയുടെ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായി ശശിധരനെ വിളിപ്പിക്കുക മാത്രമാണ് ചെയ്തത്.
ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ലെന്നും പാനൂര്‍ പോലീസ് അറിയിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ബന്ധുക്കളേയും കുട്ടി വരണമെന്നുമാത്രമാണ് പറഞ്ഞത്. ഭാര്യയെ കൂട്ടിവരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പാനൂർ പോലീസ് വ്യക്തമാക്കി.