കണ്ണൂർ: കുരുക്കിട്ട കയറുമായി കാലൻ നഗരമധ്യത്തിലിറങ്ങി. ഇന്നുരാവിലെ കാൾടെക്സ് ജംഗ്ഷനിലാണ് വർധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് വ്യത്യസ്തമായ ബോധവത്കരണ പരിപാടി ഒരുക്കിയത്. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാരെയും സീറ്റ് ബെൽട്ട് ധരിക്കാതെ യാത്ര ചെയ്യുന്നവരെയും തടഞ്ഞുനിർത്തി “ഞാൻ കൂടെ വരണോ’ എന്ന് കാലന്റെ വേഷം ധരിച്ചയാൾ ചോദിച്ചു.
കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിച്ച് യാത്ര ചെയ്യുന്നവർക്ക് മോട്ടോർ വാഹനവകുപ്പ് സമ്മാനങ്ങളും നൽകി. വ്യത്യസ്തമായ ബോധവത്കരണം കാണാൻ നിരവധി ആളുകളാണ് കാൾടെക്സ് ജംഗ്ഷനിലെത്തിയത്. ജനങ്ങളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങി.