വടകര: മോട്ടോര്‍ വാഹന നിയമം പാലിച്ച് വാഹനമോടിച്ചവര്‍ക്ക് മധുര പലഹാരവും സമ്മാനങ്ങളുമായി ജെസിഐ പ്രവര്‍ത്തകര്‍ . ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വടകര ടൗണ്‍ ജെസിഐ മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്നാണ് വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്.
ദേശീയപാതയില്‍ സൗഹൃദ വാഹന പരിശോധനയില്‍ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിച്ചെത്തിയവരെ അഭിനന്ദിക്കുന്നതിനൊപ്പമാണ് സമ്മാനങ്ങള്‍ നല്‍കിയത്. പെരുവാട്ടംതാഴെ രണ്ട് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ബിഇഎംഎച്ച്എസിലെ എന്‍സിസി കാഡറ്റുകളും പങ്കാളികളായി. നിയമം ലംഘിച്ച് വാഹനമോടിച്ചവരെ ഉപദേശവും താക്കീതും നല്‍കിയാണ് വിട്ടത്.
വടകര ആര്‍ടിഒ എ.കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ടൗണ്‍ ജെസിഐ പ്രസിഡന്റ് ആര്.രോഷിപാല്‍ അധ്യക്ഷത വഹിച്ചു. ജോ. ആര്‍ടിഒ എന്‍.സുരേഷ്, എംവിഐമാരായ എസ്.സുരേഷ്, ഫെനില്‍ ജെ തോമസ്, എഎംവിഐമാരായ സൂരജ് മൂര്‍ക്കോത്ത്, എം.പി റോഷന് , പി അനൂപ്, ജെസിഐ വനിതാ വിഭാഗം മേഖലാ ചെയര്‍പേഴ്സണ്‍ ശ്രീന രോഷിപാല്‍, ശ്രീനിവാസന് അരിങ്ങോട്ടില്ലം, കെ.ധനില്രാജ്, ഷാജി ജയന് , പി.ടി.മുഹമ്മദ് അജ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.