എരുമേലി: കനകപ്പലം കൊലപാതകത്തിൽ പ്രതി പിടിയിൽ. കനകപ്പലം മൂന്ന് സെന്റ് കോളനിയിൽ വളവനാട്ട് വിജയകുമാർ (വിജു, 41) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് സംഭവം. വീടിന്റെ സിറ്റൗട്ടിൽ വെച്ചാണ് വിജു കുത്തേറ്റ് കൊല്ലപ്പെട്ടത്. അച്ഛൻ മരണപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ രാത്രിയിൽ വിളക്ക് കൊളുത്തി പ്രാർഥന നടത്തിയ ശേഷം വീട്ടിൽ ഉറങ്ങാൻ കിടന്ന വിജു അയൽവാസിയുടെ കുത്തേറ്റാണ് കൊല്ലപ്പെട്ടത്.
തൊട്ടടുത്ത വീട്ടിലെ യുവതിയെ പ്രണയത്തിലൂടെ വിവാഹം ചെയ്ത് താമസമാക്കിയ മണിമല സ്വദേശിയായ ബസ് ഡ്രൈവർ അനൂപ് ആർ. നായർ (35) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭർത്താവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാർ അനുവദിച്ചില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇടപെട്ട് ഭാര്യയെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
സംഭവത്തിന് ശേഷം രക്തം പുരണ്ട കത്തിയുമായി ഓടി രക്ഷപെട്ട അനൂപിന്റെ പിന്നാലെ നാട്ടുകാർ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാർ തിരികെ വന്നാണ് വിജുവിനെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാല് മുറിവുകളാണ് വിജുവിന്റെ ശരീരത്തുള്ളതെന്ന് പോലീസ് പറഞ്ഞു.
വിജുവിന്റെ ഭാര്യയുമായി അനൂപ് അടുപ്പത്തിലായിരുന്നതാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് പോലീസ് പറയുന്നു. നാല് വർഷം മുന്പാണ് വിജുവിന്റെ പിതാവ് ഗോപാലൻ മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ചരമ വാർഷിക ദിനം. രാത്രിയിൽ ഇതിന്റെ ഭാഗമായി പ്രാർഥന നടത്തിയ ശേഷം വീടിനുള്ളിൽ ഉറക്കത്തിലായിരുന്ന വിജുവിനെ അനൂപ് വിളിച്ചുണർത്തി കതക് തുറപ്പിച്ച ശേഷമാണ് സിറ്റൗട്ടിൽ വച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കൈവശം കത്തിക്കൊപ്പം വടിക്കന്പും അനൂപ് കരുതിയിരുന്നു. ആദ്യം വടി ഉപയോഗിച്ച് വിജുവിനെ അടിച്ചു. ഇത് തടഞ്ഞതോടെ മൽപ്പിടുത്തമായി. ഇതിനിടെയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. വിജുവിന്റെ നിലവിളി കേട്ട് അയൽവാസികൾ എത്തുന്പോൾ രക്തം പുരണ്ട കത്തിയുമായി അനൂപ് ഓടിപ്പോവുകയായിരുന്നു.
മണിമലയിൽ വച്ച് പ്രതിയെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാൾ ഓടി രക്ഷപെട്ടു. തുടർന്ന് ഇന്നലെ അർധരാത്രിയോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട വിജുവിന്റെ ഭാര്യ നിഷ. വിശാൽ, വിശാഖ് എന്നിവരാണ് മക്കൾ.
പ്രതി അറസ്റ്റിലായത് മണിക്കൂറുകൾക്കകം പ്രതി അറസ്റ്റിലായത് മണിക്കൂറുകൾക്കകം
എരുമേലി: കൊലപാതകം നടത്തിയ ശേഷം ആദ്യം നാട്ടുകാരുടെ മുന്പിൽനിന്നും പിന്നെ പോലീസിന്റെ മുന്പിൽനിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ. പ്രതി അനൂപ് ആർ. നായർ സംഭവത്തിനുശേഷം നാട്ടുകാരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടെത്തിയത് മണിമലയിൽ.
പോലീസ് നടത്തിയ തെരച്ചിലിൽ പുലർച്ചെ തന്നെ ഇയാളെ മണിമല ബസ് സ്റ്റാൻഡിൽ കണ്ടെത്തി. എന്നാൽ, പോലീസിനെ ദൂരെ നിന്നും കണ്ടയുടനെ പ്രതി ഓടി രക്ഷപ്പെട്ടു. പല സ്ഥലത്തേക്കും വഴികൾ തിരിയുന്ന ഭാഗത്തുവെച്ചാണ് പ്രതി ഓടിപ്പോയത്. എന്നാൽ, ഏത് വഴിക്കാണ് ഓടിപ്പോയതെന്ന് കാണാൻ കഴിയാഞ്ഞതിനാൽ പിടികൂടാനായില്ല.
കൊലപാതകം നടത്തിയ ശേഷം നാട്ടുകാരെ വെട്ടിച്ചോടിയ അനൂപ് ആരുടെയോ സഹായത്തിൽ ഒന്നര മണിക്കൂറിനുള്ളിൽ മണിമലയിൽ എത്തിയെന്ന് അനൂപിന്റെ ഫോണ് ലൊക്കേഷൻ സംബന്ധിച്ച് നടത്തിയ പരിശോധനയിൽ പോലീസിന് വിവരം ലഭിച്ചിരുന്നു. എരുമേലി, മണിമല സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പോലീസ് സംഘം അനൂപിന്റെ വീട് പരിശോധിച്ചെങ്കിലും രോഗിയായ അച്ഛനും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.
അനൂപ് വീട്ടിലെത്തിയിട്ടില്ലെന്ന് മനസിലായ പോലീസ് അമ്മയുടെ ഫോണിൽ അനൂപിനെ വിളിച്ചു. ഫോണ് അറ്റൻഡ് ചെയ്ത അനൂപ് പോലീസാണ് വിളിക്കുന്നതെന്ന് മനസിലാക്കി കട്ട് ചെയ്തു. തുടർന്ന് ഫോണ് സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു.
അല്പസമയം കഴിഞ്ഞ് ഒരു സുഹൃത്തിന്റെ ഫോണിൽ നിന്നും അമ്മയെ അനൂപ് വിളിച്ചതറിഞ്ഞ് പോലിസ് ഈ സുഹൃത്തിന്റെ വീട് വളഞ്ഞെങ്കിലും അനൂപ് സ്ഥലംവിട്ടിരുന്നു. രക്തക്കറ പുരണ്ട ഷർട്ട് മാറി പുതിയ വേഷം ധരിച്ച് അനൂപ് സുഹൃത്തിന്റെ ബൈക്കിൽ പോയെന്ന് അറിഞ്ഞ പോലിസ് വീണ്ടും തെരച്ചിൽ തുടർന്നു. പുലർച്ചെ മണിമല ബസ് സ്റ്റാൻഡിൽ വെച്ചാണ് അനൂപിനെ പോലിസ് കണ്ടെത്തിയത്.
എന്നാൽ പോലീസിനെ വെട്ടിച്ച് ബസ് സ്റ്റാൻഡിന്റെ പുറകിലുള്ള വഴിയിലൂടെ അനൂപ് ഓടി രക്ഷപെട്ടു. ബസ് സ്റ്റാൻഡിൽ അനൂപിനെ എത്തിച്ച സുഹൃത്തിനെയും അനൂപിന്റെ ഒരു ബന്ധുവിനെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകം നടത്തിയ ശേഷമാണ് അനൂപ് വന്നതെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഇവർ പറയുന്നു. തുടർന്നാണ് എരുമേലി, മണിമല സ്റ്റേഷനുകളിലെ പോലീസ് നടത്തിയ വ്യാപകമായ അന്വേഷണത്തിൽ ഇന്നലെ അർധരാത്രിയോടെ പ്രതി കുടുങ്ങിയത്.
കോട്ടയം എസ്പി പി.എസ് സാബുവിന്റെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. മധുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടാൻ പോലിസ് അന്വേഷണം നടത്തിയത്.
കൊലപാതകത്തിൽ കലാശിച്ചത് അവിഹിത ബന്ധമെന്ന് നാട്ടുകാർ
എരുമേലി: കനകപ്പലത്ത് വളവനാട്ട് വിജു എന്ന വിജയകുമാർ ദാരുണമായി കൊല്ലപ്പെട്ടതിനു പിന്നിൽ ഭാര്യയും അയൽവാസിയായ യുവാവും തമ്മിലുണ്ടായിരുന്ന അടുപ്പത്തെ ചൊല്ലിയുള്ള വിരോധമാണെന്ന് നാട്ടുകാർ.
വിജുവിന്റെ ഭാര്യയ്ക്ക് മറ്റ് പലരുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതേച്ചൊല്ലി വിജുവും ഭാര്യയും തമ്മിൽ അകൽച്ചയിലായിരുന്നത്രേ. ദൂര സ്ഥലങ്ങളിൽ വീട്ടുജോലിക്ക് ഭാര്യ പോകുന്നത് വിജുവിന് ഇഷ്ടമില്ലായിരുന്നെന്നും അടുത്തിടെ പ്രശ്നങ്ങൾ പരിഹരിച്ച് ഇരുവരും കനകപ്പലത്ത് വീട്ടിൽ ഒന്നിച്ചാണ് കഴിഞ്ഞിരുന്നതെന്നും അയൽവാസികൾ പറഞ്ഞു.
എന്നാൽ, അയൽവാസിയായ അനൂപുമായി വീണ്ടും അടുപ്പം പുലർത്തുന്നെന്നാരോപിച്ച് ഭാര്യയും വിജുവും തമ്മിൽ വഴക്കുണ്ടായി. ഇതേച്ചൊല്ലിയാണ് ഇന്നലെ കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തിയതെന്ന് പോലിസ് സംശയിക്കുന്നു. ഒരു വർഷം മുന്പ് ഇതേ പ്രശ്നത്തിൽ അനൂപും വിജുവും തമ്മിൽ സംഘട്ടനമുണ്ടാവുകയും നാട്ടുകാർ ഇടപെട്ടതോടെ കനകപ്പലത്തേക്ക് മാസങ്ങളോളം അനൂപ് വന്നിരുന്നില്ലെന്നും പറയുന്നു. അനൂപ് വീണ്ടും എത്തിയതോടെയാണ് വീണ്ടും വഴക്കിലേക്കെത്തിയത്.
അനൂപും ഭാര്യയും തമ്മിൽ വിവാഹം നടന്നത് പ്രണയത്തെത്തുടർന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടപെടലിലായിരുന്നു. വിവാഹത്തിന് മുന്പ് ഇടയ്ക്കിടെ കാണാനെത്തിയിരുന്ന അനൂപിനെ യുവതിയുടെ ബന്ധുക്കൾ പിടികൂടി പോലീസിന് കൈമാറിയപ്പോഴായിരുന്നു വിവാഹം. വിജുവിന്റെ ഭാര്യയുമായി അടുത്ത ബന്ധമുണ്ടെന്ന പരാതിയെച്ചൊല്ലി അനൂപും ഭാര്യയും തമ്മിലും കലഹിച്ചിരുന്നു. ഇന്നലെ സംഭവദിവസം അനൂപിനോട് പിണങ്ങി ബന്ധുവീട്ടിലായിരുന്നു ഭാര്യ.