മാവേലിക്കര: കണ്ണമംഗലം നിവാസികളെ ആഴ്ചകളോളം വിറപ്പിച്ച പരുന്തിനെ വനംവകുപ്പിന്റെ റാന്നിയിൽ നിന്നുള്ള റാപ്പിഡ് റെസ്പോണ്സ് ടീം അധികൃതരെത്തി ഏറ്റെടുത്തു. ചൊവ്വാഴ്ച സന്ധ്യയോടെ വലയിൽ വീഴ്ത്തി പിടികൂടിയ പരുന്തിനെ കൂട്ടിലാക്കി ഗ്രാമപഞ്ചായത്തംഗം രമാദേവിയുടെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച രാവിലെ വനംവകുപ്പ് ഡെപ്യൂട്ടി റെയിഞ്ചർ ടി.ലിതേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.അജയകുമാർ, കെ.ആർ. ദിലീപ്, എഫ്. യേശുദാസൻ, എം.എസ്. ഫിറോസ്ഖാൻ എന്നിവരെത്തിയാണ് പരുന്തിനെ കൊണ്ടുപോയത്.
മാവേലിക്കര തഹസിൽദാർ എസ്. സന്തോഷ്കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ജി.ബിനു, ബ്ലോക്ക് പഞ്ചായത്തംഗം ശോഭാരാജൻ എന്നിവരും എത്തിയിരുന്നു. പരുന്തിനെ വൈകുന്നേരത്തോടെ പ്ലാപ്പള്ളി വനത്തിൽ വിടുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് വയസ് പ്രായമുള്ള കൃഷ്ണപ്പരുന്താണ് കണ്ണമംഗലത്ത് കണ്ടതെന്ന് ഇവർ പറഞ്ഞു.
മനുഷ്യനോട് ഇണങ്ങുന്ന ഇതിനെ ആരോ വീട്ടിൽ വളർത്തിയിരുന്നതാണെന്നും അധികൃതർ പറഞ്ഞു. ഗ്രാമത്തിന് ഭീഷണിയായ പരുന്തിനെ കുടുക്കാൻ നാട്ടുകാർ പോലീസിനെയും റവന്യു അധികൃതരെയും സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. വനംവകുപ്പുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും പറന്നുനടക്കുന്ന പരുന്തിനെ പിടിക്കാൻ വകുപ്പില്ലെന്നായിരുന്നു മറുപടി.
ഇതേതുടർന്നാണ് പ്രദേശവാസികളായ മണിക്കുട്ടൻ സജി, മനോജ്, ഉണ്ണിക്കൃഷ്ണൻ എന്നിവർ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി കണ്ണമംഗലം പ്രദേശത്തെ ഇരുപതോളം പേർക്കാണ് പരുന്തിന്റെ കൊത്തേറ്റത്. കണ്ണിൽ കൊത്താനെത്തിയ പരുന്തിൽ നിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കണ്ണിൽ കൊത്തുന്നത് തടയാൻ ശ്രമിക്കവേ കൈയ്യിൽ കൊത്ത് കിട്ടിയവരായിരുന്നു ഏറെപ്പേരും.
മിക്കവരും ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ചൊവ്വാഴ്ച സന്ധ്യയോടെ പരുന്തിനെ കൂട്ടിലാക്കാനായത്. നാളുകളോളം തങ്ങളെ മുൾമുനയിൽ നിറുത്തിയ പരുന്തിനെ കൂട്ടിലാക്കി വനംവകുപ്പുകാർ കൊണ്ടുപോകുന്നത് കാണാൻ നിരവധിയാൾക്കാർ എത്തിയിരുന്നു. ആക്രമണകാരിയായ പരുന്തിനെ കുടുക്കാൻ തിങ്കളാഴ്ച കെണിയും വെച്ച് കാത്തിരുന്നെങ്കിലും മറ്റൊരു പരുന്താണ് കെണിയിലായത്.
ചൊവ്വാഴ്ച പകൽ മുഴുവൻ ഇരയുമായി പരുന്തിനെത്തേടി നടന്നെങ്കിലും കണ്ടെത്താനായില്ല. സന്ധ്യയോടെ മാളിയേക്കൽ വീടിന് സമീപമുള്ള മരത്തിൽ പരുന്തിനെ കണ്ടു. മീൻ വെച്ചുകൊടുത്തപ്പോൾ പരുന്ത് താഴെയെത്തി. ഒരാൾ കാലിൽ പിടിച്ചപ്പോൾ കൈയ്യിൽ കൊത്തി. തുടർന്ന് മറ്റുള്ളവർക്കും കൈയ്യിൽ കൊത്തേറ്റു. കുതറിയ പരുന്തുമായി എല്ലാവരും താഴെവീണെങ്കിലും പിടി വിട്ടില്ല. ഉണ്ണിക്കൃഷ്ണൻ ഉടുത്തിരുന്ന കൈലി ഉരിഞ്ഞ് പരുന്തിനെ മൂടിയാണ് അവസാനം പിടികൂടിയത്.