ശ്രീനഗർ: ജമ്മുകാഷ്മീരിലെ കൊടുംഭീകരരെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിനിടെ പിടിയിലായ ഡിവൈഎസ്പി പി. ദേവീന്ദർ സിംഗിന്റെ പോലീസ് മെഡൽ പിൻവലിച്ചു. മെഡൽ പിൻവലിച്ചുകൊണ്ട് കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ ഉത്തരവ് പുറത്തിറക്കി.
സർവീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കാഷ്മീർ പോലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് മെഡൽ പിൻവലിച്ചിരിക്കുന്നത്. ഡിഎസ്പി റാങ്കിലുള്ള ദേവീന്ദർ സിംഗിന്റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികൾ മരവിപ്പിച്ചതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു.
ശനിയാഴ്ച ഹിസ്ബുൾ ഭീകരർക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് ദേവീന്ദർ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള ശ്രീനഗർ വിമാനത്താവളത്തിലാണ് ദേവീന്ദർ സേവനമനുഷ്ഠിച്ചിരുന്നത്. ഹിസ്ബുൾ മുജാഹിദിൻ ഭീകരരായ നവീദ് ബാബുവിനെയും അൽത്താഫിനെയും ശ്രീനഗറിൽ നിന്ന് സൗത്ത് കാഷ്മീരിലേക്കു കൊണ്ടുപോകുംവഴിയാണ് ദേവീന്ദർ പിടിയിലായത്.
സൗത്ത് കാഷ്മീർ ഡെപ്യൂട്ടി ഐജി അതുൽ ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുൽഗാമിലെ മിർബസാറിൽ ഒരു പോലീസ് ബാരിക്കേഡിനു സമീപത്തുനിന്നും ദേവീന്ദർ സിംഗിനെ അറസ്റ്റ്ചെയ്തത്. തുടർന്ന് ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിൽ എകെ47 റൈഫിളും രണ്ട് പിസ്റ്റളുകളും പിടിച്ചെടുത്തിരുന്നു.