ആലുവ: കെഎസ്ആർടിസി ആലുവ ഡിപ്പോയിൽ നിന്നുള്ള കണ്സഷൻ കാർഡ് പുതുക്കാൻ വൈകിയതിന് വലിയ തുക പിഴ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് വിദ്യാർഥിനികൾ എടിഒ ചേംബർ ഉപരോധിച്ചു. പോലീസ് സ്ഥലത്തെത്തി എടിഒയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പുതിയ അപേക്ഷ നൽകി പിഴ ഇല്ലാതെ കാർഡ് കൊടുക്കുവാൻ തീരുമാനിച്ചു.
50ഓളം കോളജ് വിദ്യാർഥിനികളോട് കാർഡ് പുതുക്കാൻ താമസിച്ചുപോയ കാരണത്താൽ 500 രൂപ പിഴ അടയ്ക്കാനാണ് ഉദ്യോഗസ്ഥർ നിർദേശിച്ചത്. എന്നാൽ കാർഡിൽ നൽകിയിരിക്കുന്ന നിബന്ധനകളിൽ പുതുക്കാൻ അത്തരം ഒരു കാര്യം പറഞ്ഞിട്ടില്ലെന്ന് കുട്ടികൾ ആരോപിച്ചു. ഉപരോധ സമയത്ത് സ്ഥലത്തുണ്ടായിരുന്ന യാത്രക്കാർ വിദ്യാർഥികൾക്കായി ഇടപെടുകയും എടിഒയുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.