അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു ! ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് പിറന്നത് പെണ്‍കുഞ്ഞ്…

രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികളായ ന്യൂസിലന്‍ഡിന്റെ ആമി സാറ്റര്‍വെയ്ത്തിനും ലീ താഹുഹുവിനും കുഞ്ഞു പിറന്നു. ജനുവരി 13ന് ഇരുവര്‍ക്കും കുഞ്ഞു പിറന്നെങ്കിലും ഇന്നാണ് ഇക്കാര്യം പരസ്യമാക്കിയത്. ദമ്പതികളിലെ ലീ തഹൂഹുവാണ് കുഞ്ഞു ജനിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആമി സാറ്റര്‍ത്വൈറ്റ് ദേശീയ ടീമില്‍നിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു.

‘ജനുവരി 13ന് ഗ്രേസ് മേരി സാറ്റര്‍ത്വൈറ്റ് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിവരം അറിയിക്കുന്നതില്‍ എനിക്കും ആമിക്കും അതിയായ ആഹ്ലാദമുണ്ട്. എല്ലാവര്‍ക്കും ഞങ്ങളുടെ സന്തോഷവും കൃതജ്ഞതയും’ കുഞ്ഞിന്റെ വിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന ഇരുവരുടെയും കരങ്ങളുടെ ചിത്രം സഹിതം തഹുഹു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2017 മാര്‍ച്ചിലാണ് ഇരുവരും വിവാഹിതരായത്.


കുഞ്ഞു ജനിക്കാന്‍ പോകുന്ന വിവരം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആമി സാറ്റര്‍ത്വൈറ്റ് പുറത്തുവിട്ടത്. ഇതിനുള്ള തയാറെടുപ്പിനായി സജീവ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുക്കുകയാണെന്നും ആമി അറിയിച്ചിരുന്നു. ന്യൂസീലന്‍ഡ് ക്രിക്കറ്റ് അസോസിയേഷനും താരങ്ങളുടെ സംഘടനയും തമ്മിലുള്ള ഉടമ്പടി പ്രകാരം പ്രസവവുമായി ബന്ധപ്പെട്ടുള്ള ഇടവേളയുടെ കാലയളവില്‍ പ്രതിഫലത്തോടു കൂടിയ അവധി ലഭ്യമാണ്. 2013ലാണ് ന്യൂസിലന്‍ഡില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത്.

ഇവരെക്കൂടാതെ രാജ്യാന്തര ക്രിക്കറ്റില്‍ മറ്റു രണ്ടു സ്വവര്‍ഗ ദമ്പതികള്‍ക്കൂടിയുണ്ട്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം നായിക ഡെയ്ന്‍ വാന്‍ നീകര്‍ക്കും സഹതാരം മാരിസാന്‍ കാപ്പുമാണ് ഇവരുടെ പാത പിന്തുടര്‍ന്ന ആദ്യത്തെ ആളുകള്‍.അതിനുശേഷം ന്യൂസീലന്‍ഡിന്റെ ഹീലി ജെന്‍സണും ഓസ്‌ട്രേലിയയുടെ നിക്കോളാ ഹാന്‍കോക്കും സ്വവര്‍ഗ വിവാഹത്തിലൂടെ ജീവിതത്തില്‍ ഒന്നിച്ചു. നിരവധി കായിക താരങ്ങളാണ് ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ച് രംഗത്തു വന്നിരിക്കുന്നത്.

Related posts