വെള്ളമുണ്ട: റോഡുകൾ തകർന്നിട്ടും നവീകരിക്കാൻ തയാറാവാത്ത പൊതുമരാമത്ത് വകുപ്പ് കേടുപാടില്ലാത്ത റോഡ് റിപ്പയർ ചെയ്ത് തട്ടിപ്പിന് കൂട്ടുനിൽക്കുന്നു. യാതൊരു കേടുപാടുമില്ലാത്ത വെള്ളമുണ്ട കട്ടയാട് പാതിരിച്ചാൽ റോഡിലാണ് പാച്ച് വർക്ക് നടത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. എടവക, വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാതിരിച്ചാൽ കട്ടയാട് റോഡിൽ ഒരാഴ്ച് മുന്പാണ് പാതിരിച്ചാലിൽ നിന്നും പ്രവൃത്തികൾ ആരംഭിച്ചത്.
സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ പണി തടഞ്ഞതോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇന്നലെ വീണ്ടും കട്ടയാട് നിന്നും പാച്ചിംഗ് ജോലികളെന്ന പേരിൽ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. നാട്ടുകാരിൽ നിന്നും പരാതി ഉയരാതിരിക്കാനായി വീടുകളിലേക്കുള്ള വഴിയുൾപ്പെടെ ടാറിംഗ് നടത്തിയാണ് പ്രവൃത്തി നടത്തുന്നത്. റോഡുകളിൽ ടാറൊഴിച്ച് നേരിയ തോതിൽ ആറ് എംഎം കല്ല് വിരിച്ചാണ് ടാറിംഗ് നടത്തുന്നത്.
പൊതുമരാമത് വകുപ്പ് മാനന്തവാടി ഡിവിഷന്റെ കീഴിലുള്ള രണ്ടരകിലോമീറ്റർ റോഡിൽ 1050 സ്ക്വയർ മീറ്റർ ഭാഗങ്ങളിലാണ് പ്രവൃത്തികൾ നടത്തുന്നത്. നാല് ലക്ഷത്തോളം രൂപയ്ക്കാണ് കരാർ നൽകിയതെന്നാണ് സൂചന. ടാറിംഗ് നടക്കുന്പോൾ പിഡബ്ല്യുഡി ഓവർസിയറെങ്കിലും സൂപ്പർ വിഷനായി സ്ഥത്തുണ്ടാവണമെന്നാണ് നിബന്ധനയെങ്കിലും ഇതൊന്നുമില്ലാതെയാണ് പ്രവൃത്തികൾ നടത്തുന്നത്. ഇതിനെതിരെ വിജിലൻസ് വിഭാഗത്തിന് പരാതി നൽാകനൊരുങ്ങുകയാണ് നാട്ടുകാരിൽ ചിലർ.