തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം അടക്കമുള്ള ഭാരവാഹിത്വം വെള്ളാപ്പള്ളി നടേശനും കുടുംബവും വർഷങ്ങളായി കൈവശപ്പെടുത്തിയിരിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. രണ്ടു തവണയേക്കാൾ കൂടുതൽ ഭാരവാഹിയാകാൻ പാടില്ല. വെള്ളാപ്പള്ളിയെ എതിർക്കുന്നവർക്കെതിരേ കള്ളക്കേസെടുക്കുകയാണെന്നും സെൻകുമാർ ആരോപിച്ചു.
സെൻകുമാറിന്റെ വാർത്താ സമ്മേളനത്തിനൊടുവിൽ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തനോടു പേരു പറയണമെന്നും മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു. പത്രപ്രവർത്തകനല്ലെങ്കിൽ പുറത്തുപോകണമെന്ന് സെൻകുമാർ ആവശ്യപ്പെട്ടതോടെ സെൻകുമാറിനൊപ്പം വന്ന സഹായികൾ മാധ്യമപ്രവർത്തകനെ പുറത്താക്കാൻ ശ്രമിച്ചു. ഈ ശ്രമം മാധ്യമപ്രവർത്തകർ എഴുന്നേറ്റ് തടഞ്ഞു.
എസ്എൻഡിപി സ്ഥാപനങ്ങളിലൂടെ വൻ തട്ടിപ്പാണു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻഡിപിയുടെ വോട്ടർ പട്ടികയിൽ കള്ളവോട്ടർമാരുണ്ടെന്നും സെൻകുമാർ ആരോപിച്ചു.