ബംഗളുരു: ദക്ഷിണേന്ത്യൻ നടി രശ്മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. കുടക് ജില്ലയിലെ വിരാജ്പേട്ടയിലെ നടിയുടെ വസതിയിൽ പത്തോളം ഉദ്യോഗസ്ഥരെത്തിയാണു റെയ്ഡ് നടത്തിയത്.
വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണു നടിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ഹൈദരാബാദിൽ ഒരു സിനിമാ ഷൂട്ടിംഗിലായിരുന്ന നടി ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്പോൾ വീട്ടിലുണ്ടായിരുന്നില്ല.
നടിയുമായി ബന്ധപ്പെട്ട പണമിടപാടുകളും ബാങ്ക് സ്വത്ത് വിവരങ്ങളും നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചതായാണു റിപ്പോർട്ടുകൾ. കർണാടകയിലെ ബിട്ടൻഗളയിൽ നടി ആരംഭിക്കാൻ പോകുന്ന ഇന്റർനാഷണൽ സ്കൂളിലെ സംബന്ധിച്ചും പെട്രോൾ പന്പിനെ സംബന്ധിച്ചും ഉദ്യോഗസ്ഥർ നടിയുടെ പിതാവിനോടു വിവരങ്ങൾ തേടി.
നിരവധി കന്നഡ, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള രശ്മിക മലയാള പ്രേക്ഷകർക്കിടയിലും പ്രശസ്തയാണ്. 2016-ൽ രക്ഷിത് ഷെട്ടിക്കൊപ്പം കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണു രശ്മിക വെള്ളിത്തിരയിൽ അരങ്ങേറുന്നത്. മഹേഷ് ബാബുവിനൊപ്പം ഇവർ അഭിനയിച്ച ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കവെയാണു റെയ്ഡ്.