പത്തനംതിട്ട: തിരുവല്ല മുനിസിപ്പാലിറ്റി വെസ്റ്റ് കുടുംബശ്രീയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് സിഡിഎസ് അംഗങ്ങൾ. സിഡിഎസ് ചെയർപേഴ്സണ്, മെംബർ സെക്രട്ടറി ചുമതലകളിലിരുന്നവർക്കെതിരെ ഉയർന്ന സാന്പത്തികാരോപണങ്ങളിൽ പ്രാഥമികമായി തെളിവുകളുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും തുടർനടപടി ഉണ്ടായില്ല. സിഡിഎസ് അംഗങ്ങളുടെ പരാതിയിലാണ് ജില്ലാ മിഷൻ അന്വേഷണം നടത്തിയത്.
സിഡിഎസിന്റെ വരവ് ചെലവ് കണക്കുകൾ ജില്ലാ മിഷന്റെ കീഴിലുള്ള കെഎസ്എസ് ഓഡിറ്റ്, സൂക്ഷ്മതല ഓഡിറ്റ് എന്നിവയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഏകദേശം ആറ് ലക്ഷം രൂപയിലധികം ക്രമക്കേട് നടന്നിട്ടുള്ളതായി അംഗങ്ങൾ ആരോപിക്കുന്നു. സിഡിഎസ് മെംബർ സെക്രട്ടറിയായിരുന്ന അജി എസ്. കുമാറിനെതിരെ നടപടിയെടുക്കാൻ നഗരസഭയോട് ശിപാർശ ചെയ്യാമെന്ന് ജില്ലാ മിഷൻ പറഞ്ഞിരുന്നു. സ്ഥലംമാറ്റിയ മെംബർ സെക്രട്ടറിയെ തിരികെ കൊണ്ടുവരികയും ചെയ്തു. സിഡിഎസ് പൊതുസഭയിൽ ചെയർപേഴ്സണെ പുറത്താക്കുകയും അക്കൗണ്ടന്റിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
തിരുവല്ല നഗരസഭാ കൗണ്സിൽ യോഗത്തിൽ വെസ്റ്റ് സിഡിഎസിന്റെ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ നടപടി പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് പറയുന്നു. കൂടാതെ സിഡിഎസ് അംഗങ്ങൾ നേരിട്ട് വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. സിഡിഎസ് അംഗങ്ങൾ ജില്ലാ മിഷനിൽ കൊടുത്ത പരാതിയിൽ മാത്രമാണ് ഓഡിറ്റ് നടത്തിയിട്ടുള്ളത്. മുൻ കാലങ്ങളിലെ കണക്കുകൾ പരിശോധിക്കണമെങ്കിൽ വീണ്ടും ഭരണ സമിതിയിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്. വിധു ആവശ്യപ്പെട്ടതായും അംഗങ്ങൾ പറഞ്ഞു.
കൃത്യമായ ഓഡിറ്റിംഗ് ഇവിടെ നടക്കുന്നില്ലെന്നാണ് സിഡിഎസ് അംഗങ്ങളുടെ ആരോപണം. നവകേരള ലോട്ടറി വില്പനയിലൂടെ ലഭിച്ച പണത്തിന്റെ കണക്കുകൾ ലഭ്യമാകാനുണ്ട്. കുടുംബശ്രീ മാസികയ്ക്കുവേണ്ടി സമാഹരിച്ച പണം മറ്റൊരു മാസികയുടെ വാർഷികവരിസംഖ്യയായി അടയ്ക്കുകയാണ് ഉണ്ടായത്. ഇത്തരത്തിൽ തിരിമറി നടത്തുന്നതിന് ഭരണകക്ഷിയിലെ ചിലരുടെ പിന്തുണയുള്ളതായും സിഡിഎസ് അംഗങ്ങൾ കുറ്റപ്പെടുത്തി. സിഡിഎസ് അംഗങ്ങളായ എൽ. രമ്യ, രുദ്രാഭായി, മിനി തോമസ്, ജമീല തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.