അന്പലപ്പുഴ: രണ്ടരപ്പതിറ്റാണ്ടിനു ശേഷം തടത്തിൽ പാടം ഹരിതാഭമായി. കാടും പുല്ലും പടർന്ന് വിഷജന്തുക്കളുടെ ആവാസകേന്ദ്രമായി കിടന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് 7-ാം വാർഡിലെ തടത്തിൽപ്പാടം 27 വർഷത്തിനു ശേഷമാണ് പച്ചപ്പണിഞ്ഞത്. തരിശുകിടന്ന പാടം ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ അടുത്തിടെ കൃഷിയോഗ്യമാക്കി. 15 ഏക്കർ വരുന്ന പാടത്തെ 10 ഏക്കറിലാണ് കർഷകർ വിത്തു വിതച്ചത്.
എൽഎസ്ജിഡിയുടെ 2.5 ലക്ഷവും പഞ്ചായത്ത് പദ്ധതി വിഹിതവും വിനിയോഗിച്ച് നിലമൊരുക്കി. തൊഴിലുറപ്പുതൊഴിലാളികൾ പുറം ബണ്ടു ബലപ്പെടുത്തി കയർ ഭൂവസ്ത്രം വിരിച്ച് തോടിന് ആഴവും കൂട്ടി. ഇതോടെ കൃഷിയാവശ്യത്തിന് വെള്ളമെത്തിക്കാനുള്ള സംവിധാനവുമായി.
പാടശേഖരത്ത് മോട്ടോർ ഘടിപ്പിച്ച് വൈദ്യുതി ലഭ്യമാക്കാൻ 13 പോസ്റ്റുകൾ സ്ഥാപിച്ചു. ഇവയിൽ വഴിവിളക്കുകളും ഘടിപ്പിച്ചതോടെ പതിറ്റാണ്ടുകളായി കാടു പിടിച്ചു കിടന്ന പാടവരന്പിലൂടെ നാട്ടുകാർ സഞ്ചരിക്കാനും തുടങ്ങി. കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പു തൊഴിലാളികളും ചേർന്ന് വിവിധ കലാപരിപാടികളോടെയാണ് വിത ഉത്സവം നടത്തിയത്. 10 ഏക്കറിലെ പച്ചപ്പണിഞ്ഞ പാടത്ത് നൂറുമേനി വിളവെടുക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ.